TAGS

ഇന്ന് ലോകജലദിനമാണ്. ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കും എന്നൊരു പ്രശസ്തമായ നിരീക്ഷണം ഉണ്ടല്ലോ. നമുക്ക് അറിയാം ലോകം ഇന്ന് ഒരു യുദ്ധസാഹചര്യത്തിലാണ്. യുദ്ധങ്ങള്‍  ജലസ്രോതസ്സുകളെ എങ്ങനെയൊക്കെ ബാധിക്കും? ജലം ഒരു ആയുധമാകുന്നത് എങ്ങനെയാണ്?

ആധുനിക യുദ്ധങ്ങളിൽ ബോംബുകൾക്കും മിസൈലുകൾക്കും ഒപ്പം 'ജലവും' ആയുധമായി മാറിക്കഴിഞ്ഞു. ശത്രുവിനെ കീഴ്പ്പെടുത്താൻ അവരുടെ ജലസ്രോതസ്സുകൾ തകർക്കുകയോ മലിനമാക്കുകയോ ചെയ്യുന്നത് ഇന്ന് പല സംഘർഷ മേഖലകളിലും കണ്ടുവരുന്നു. ഡാമുകൾ  തുറന്നും,അടച്ചും ശുദ്ധീകരണ പ്ലാന്റുകൾ നശിപ്പിച്ചും ലക്ഷങ്ങളെ ദാഹിച്ചുവലച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തന്ത്രം. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ജലശുദ്ധീകരണ പ്ലാന്റുകളെ ഇറാന്‍ ആക്രമിച്ചത് ആ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി സിന്ധു നദീജലകരാര്‍ ഇന്ത്യ നിര്‍ത്തിവച്ചത് ഓര്‍മയില്ലേ. വെളളവും രക്തവും ഒരുമിച്ച് ഒഴുകില്ല എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കൊണ്ട് പറയിപ്പിച്ചതും വെളളം യുദ്ധതന്ത്രമാകുന്നതുകൊണ്ടാണ്. പക്ഷേ അതെല്ലാം മാനുഷിക മൂല്യങ്ങളോടുള്ള വലിയ വെല്ലുവിളി ആയാണ് വിലയിരുത്താറുള്ളത്.

യുദ്ധങ്ങൾ പരോക്ഷമായും ജലക്ഷാമം ഉണ്ടാക്കാറുണ്ട്. യുദ്ധം മൂലമുള്ള അഭയാർത്ഥി പ്രവാഹം ജലസ്രോതസ്സുകൾക്ക് വലിയ സമ്മർദ്ദമാണ്. ജലലഭ്യത കുറയാനും മലിനമാകാനും അതുവഴി പകർച്ചവ്യാധികും ഇത് വഴിവയ്ക്കും. സാമ്പത്തിക തകര്‍ച്ച ജലശുദ്ധീകരണത്തിനോ പുതിയ സ്രോതസ്സുകൾ കണ്ടെത്താനോ തടസമാവുകയും ചെയ്യും.

നമുക്കറിയാം ലോകത്തിലെ വലിയ നദികളൊന്നും ഒരു രാജ്യത്തിന്റെ മാത്രം അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നവയല്ല.  അതിനാല്‍ വെള്ളത്തിന്റെ അവകാശത്തെച്ചൊല്ലി രാജ്യങ്ങള്‍ക്കിടയില്‍ ആസ്വാരസ്യങ്ങളും പതിവാണ്. അത് ഭാവിയിൽ ഒരു യുദ്ധത്തിലേക്ക് തന്നെ നയിച്ചേക്കാം. എന്തിനധികം, കാവേരിയും മുല്ലപ്പെരിയാറുമൊക്കെ  നമ്മുടെ പരിസരങ്ങളില്‍ തന്നെയാണല്ലോ. 

ജലം പ്രാണന്റെ അടിസ്ഥാനമാണ്.  അത് യുദ്ധത്തിന്റെ അല്ല സമാധാനത്തിന്റെ ഉപാധിയാവണം. ജലത്തെ യുദ്ധത്തില്‍ നിന്ന് ഒഴിവാക്കണം. നദീ തർക്കങ്ങൾ പരിഹരിക്കാൻ രാജ്യാന്തരതലത്തിൽ കരാറുകൾ സുതാര്യമാവണം. പ്രാദേശികമായി ജലം സംഭരിക്കപ്പെടണം. ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമാണെങ്കിലും കുടിക്കാൻ യോഗ്യമായത് വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ആ ഒരു ശതമാനത്തിന് മേൽ ചോര വീഴ്ത്തരുത്.

ENGLISH SUMMARY:

Water as a weapon in war highlights the critical role water plays in modern conflicts, where it is deliberately targeted, polluted, or withheld to subdue enemy populations. The article emphasizes the devastating consequences of weaponizing water, not only through direct attacks on infrastructure but also indirectly via refugee crises and economic collapse, stressing the urgent need for peaceful water management.