പന്തളം കുളനട മെഴുവേലിയിൽ കുന്നിടിച്ച് മണ്ണെടുക്കുന്നത് കാരണം കിണറുകളിലെ വെള്ളം വറ്റിയെന്ന് പരാതിയുമായി നാട്ടുകാർ. കടുത്ത വേനലിലും കിണറ്റിൽ വെള്ളമുണ്ടായിരുന്നു എന്നും കുന്നിലെ ഉറവകൾ വറ്റിയതാണ് കിണർ വരളാൻ കാരണം എന്നും നാട്ടുകാർ പറയുന്നു. ടാങ്കറിലാണ് നൂറോളം കുടുംബങ്ങളിൽ വെള്ളമെത്തുന്നത്.
കുളനട പഞ്ചായത്തിലെ മെഴുവേലിയിലെ കടലിക്കുന്ന് മലയിലെ മണ്ണെടുപ്പ് തുടങ്ങിയിട്ട് ഒരു വർഷമായി. കഴിഞ്ഞ ഏപ്രിലിലാണ് മണ്ണെടുക്കാൻ തുടങ്ങിയത്. മണ്ണെടുപ്പ് കാരണമാണ് കിണർ വറ്റുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടര ഏക്കർ ഭാഗത്തെ മണ്ണാണ് എടുത്തത്. 15 ഏക്കറോളം ഭാഗത്തെ മണ്ണെടുക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൊടിയ വേനലിലും വറ്റാതിരുന്ന കിണറുകൾ വറ്റിയെന്നാണ് നാട്ടുകാരുടെ പരാതി. നൂറിലധികം കുടുംബങ്ങളാണ് കുന്നിന് ചുറ്റും താമസിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ മണ്ണെടുപ്പ് തുടങ്ങിയതിന് പിന്നാലെ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. അതിനുശേഷം കുറച്ചുദിവസം മണ്ണെടുപ്പ് നിർത്തിവെച്ചു. കടലിക്കുന്ന് മലയുടെ മണ്ണെടുപ്പിനെതിരെ ശക്തമായ പ്രതിരോധ സമരത്തിലാണ് നാട്ടുകാർ. കുന്നിടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു. ചുറ്റുമുള്ള വയലുകളിലെ കൃഷി അടക്കം നിലയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.