Image Credit : Twitter/Facebook

നിസാരകാര്യങ്ങള്‍ക്ക് പോലും സൈബറിടത്ത് നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് സിനിമാതാരങ്ങള്‍. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരില്‍ ആരെയെങ്കിലും ഒന്നുവിട്ടുപോയാല്‍ പോലും താരജാഡയെന്ന പേരില്‍ താരങ്ങള്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് നേരിടാറുണ്ട്. എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ചിലപ്പോള്‍ സോഷ്യല്‍ ലോകത്തിന്‍റെ കണ്ണുടക്കുന്നത് നിസാര തെറ്റുകളിലോ അബദ്ധങ്ങളിലോ മറ്റുമാകാം. അത്തരത്തില്‍ വളരെ നിസാരമെന്ന് തോന്നുന്ന ഒരു കാര്യത്തില്‍ വലിയ വിമര്‍ശനമാണ് തെന്നിന്ത്യന്‍ നായിക കയാദു ലോഹര്‍ ഏറ്റുവാങ്ങുന്നത്. 

ടൊവിനോ നായകനായ പളളിച്ചട്ടമ്പിയുടെ പ്രമോഷന്‍ പരിപാടിക്കിടെ വെളളം കുടിക്കുന്ന കയാദുവിന്‍റെ വിഡിയോയാണ് സൈബറിടത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കമിട്ടത്. കുപ്പി വായില്‍ വച്ചുകൊണ്ട് വെളളം കുടിക്കുന്നതാണ് സൈബര്‍ ലോകത്തെ ചൊടിപ്പിച്ചത്. തൊട്ടടുത്ത് നില്‍ക്കുന്ന ടൊവിനോയാകട്ടെ കുപ്പി വായോട് അധികം അടുപ്പിക്കാതെയാണ് വെളളം കുടിക്കുന്നത്. ഇരുവരുടെയും ഈ പ്രവര്‍ത്തി താരതമ്യം ചെയ്തുകൊണ്ടാണ് വിമര്‍ശനങ്ങള്‍ കയാദുവിന് നേരെ ഉയര്‍ത്തുന്നത്.

'കയാദുവിന് ലുക്ക് മാത്രമേയുളളൂ...സിവിക് സെന്‍സ് ഇല്ല' എന്നാണ് കമന്‍റുകളില്‍ ഏറെയും. ഇങ്ങനെ വെളളം കുടിച്ചാല്‍ മറ്റാര്‍ക്കും ആ വെളളം കുടിക്കാന്‍ കഴിയില്ല എന്നാണ് സൈബര്‍ ലോകത്തിന്‍റെ അഭിപ്രായം. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്വന്തം വെളളം അല്ലേ അങ്ങനെ കുടിക്കുന്നത്, അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവരും നിരവധിയാണ്. വിമര്‍ശനങ്ങള്‍ ഒട്ടേറെ ഉയരുന്നുണ്ടെങ്കിലും കയാദുവിന് പിന്തുണയറിച്ച് എത്തുന്നവരും നിരവധിയാണ്. 

കയാദുവിന്‍റെ  മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് പളളിച്ചട്ടമ്പി. തെന്നിന്ത്യന്‍ താരമായ കയാദു ലോഹറിനെ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകന്‍ വിനയനാണ്. രണ്ടാമത്തെ ചിത്രമായ പളളിച്ചട്ടമ്പി സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണിയാണ്. ചിത്രത്തിലെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ തരംഗം തീര്‍ത്തിരുന്നു. 

ENGLISH SUMMARY:

Kayadu Lohar is facing significant criticism online for a minor incident during the promotion of her film 'Pallichattambi'. A video of her drinking water from a bottle, which some netizens deemed unhygienic, has sparked a heated debate and accusations of a lack of civic sense.