ഇന്ത്യ നോട്ടമിട്ട പിടികിട്ടാപ്പുള്ളികളില്‍ പ്രഥമസ്ഥാനത്തുള്ള ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അതിഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മസൂദിന്റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്. ഈ ഓഡിയോയില്‍ ഉടനീളം മസൂദ് അസ്ഹര്‍ ചുമയ്ക്കുകയും രോഗബാധിതനായി തോന്നുകയും ചെയ്തതാണ് ഈ അഭ്യൂഹത്തിനു കാരണമായത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി തോന്നുന്നവിധത്തിലായിരുന്നു മസൂദ് അസ്ഹറിന്‍റെ ശബ്ദം. സംസാരിക്കാന്‍ പോലും സാധിക്കാതെ വിഷമം അനുഭവിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സംഘടനയുടെ മേധാവിയെന്ന നിലയ്ക്ക് രോഗവിവരം സ്ഥിരീകരിക്കാന്‍ സംഘടനയോ അനുയായികളോ തയാറായിട്ടില്ല.
അതേസമയം അസ്ഹര്‍ മരണത്തോട് അടുക്കുകയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മസൂദ് അസ്ഹര്‍ ചികിത്സ തേടുകയാണെന്നും ഇന്റലിജന്‍സ് സൂചനകളുണ്ട്. എന്നാല്‍ ഇതെല്ലാം അസ്ഹറിന്‍റെ അഭിനയമാണെന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ തേടുകയാണെന്നും വിലയിരുത്തലുകളുണ്ട്. അസ്ഹറിന് സംഘടനയെ നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇളയ സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഹര്‍ നേതൃപദവിയിലേക്ക് വരുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.