Image: Manorama
സോഷ്യല്‍മീഡിയയിലെ ചോക്കിങ് ചാലഞ്ചില്‍ പങ്കെടുത്ത ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. ടെക്സസിലെ കര്‍തിസ്–വെന്‍റി ബ്ലാക്ക്‌വെല്‍ ദമ്പതികളുടെ മകള്‍ജാക്ക്‌ലിന്‍ കായെ ബ്ലാക്ക്‌വെല്ലാണ് മരിച്ചത്. കഴുത്തില്‍ ഒരു ചരട് ചുറ്റിയ നിലയിലായിരുന്നു മകള്‍ ജാക്ക്‌ലിനെ കണ്ടെത്തിയത്. ചരട് കഴുത്തില്‍ ചുറ്റി മുറുക്കി ബോധം നഷ്ടപ്പെടുംവരെ ശ്വാസം പിടിച്ചുനിര്‍ത്തുകയെന്നതാണ് ചാലഞ്ചിന്‍റെ രീതി.
ചോക്കിങ് ചലഞ്ചില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ക്രാഫ്റ്റിങ്, ഡ്രോയിങ്, പെയിന്റിങ്, പസില്‍സ്, ഇതിലെല്ലാം തല്‍പരയായിരുന്നു ജാക്ക്‌ലിന്‍ എന്ന് മാതാപിതാക്കള്‍ പറയുന്നു. മുന്‍പൊരു ദിവസം മറ്റാരോ ചോക്കിങ് ചാലഞ്ച് നടത്തുന്നൊരു വിഡിയോ ജാക്ക്‌ലിന്‍ മുത്തശ്ശിയെ കാണിച്ചുകൊടുത്തു, എന്നാല്‍ ഒരിക്കലും ഇത്തരമൊരു ശ്രമം നടത്തരുതെന്നും മുത്തശ്ശി ഉപദേശിച്ചു.
എന്നാല്‍ ജാക്ക്‌ലിന്‍റെ മരണം സംഭവിച്ച ദിവസം രാവിലെ സ്കൂളില്‍ പോകും മുന്‍പായി കുട്ടി വീടിനു പുറത്തേക്ക് കളിക്കാനായി പോയി. ഈ സമയത്താണ് ചോക്കിങ് ചാലഞ്ച് നടത്തിയത്. പല ദിവസങ്ങളിലും അങ്ങനെ പുറത്തുപോകാറുള്ളതിനാല്‍ അച്ഛന്‍ കര്‍തിസിന് അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാല്‍ ഏറെ നേരം കഴിഞ്ഞും കുട്ടിയെ കാണാതായതോടെയാണ് കുടുംബം അന്വേഷിച്ചത്.
ബോധം നഷ്ടപ്പെട്ട് വളരെ മോശം അവസ്ഥയിലാണ് മകളെ കണ്ടെത്തിയതെന്നും കഴുത്തില്‍ നിന്നും ചരട് മാറ്റിയ ശേഷം സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പിതാവ് കര്‍തിസ് പറയുന്നു.
കുട്ടിയുടെ മരണശേഷം ജാക്വിലിന്‍റെ മാതാപിതാക്കള്‍ മറ്റ് മാതാപിതാക്കള്‍ക്ക് ചോക്കിങ് ചലഞ്ചിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ശിശുസൗഹൃദമായി തോന്നുന്ന വിഡിയോകളില്‍ ആദ്യമൂന്നുമിനിറ്റുകള്‍ക്കു ശേഷമാണ് ചാലഞ്ച് ഭീകരാവസ്ഥയിലേക്ക് മാറുന്നതെന്നും ഇവര്‍ പറയുന്നു.