സൗദി തലസ്ഥാനമായ റിയാദില്‍ രണ്ട് വലിയ സ്ഫോടനങ്ങള്‍ നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. താമസക്കാര്‍ക്ക് മുന്നറിയിപ്പ് അലാം ലഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാരിജാനിയുെട കൊലയ്ക്കു പിന്നാലെയുള്ള തിരിച്ചടികളാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരുക്കേറ്റെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. Also Read: ലാരിജാനിയുടെ നീക്കം ഇസ്രയേലിനെ അറിയിച്ചത് ടെഹ്റാനിലെ താമസക്കാര്‍; രണ്ടാഴ്ച ഒളിയിടം മാറി, ഒടുവില്‍
റിയാദിൽ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തരയോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം.ലാരിജാനിയെ ഇല്ലാതാക്കിയ കുറ്റവാളികള്‍ ഓരോ തുളളി ഇറാന്‍ രക്തത്തിനും മറുപടി പറയേണ്ടിവരുമെന്ന് ഇറാന്‍ റവല്യൂഷണറി കോര്‍പ് ഭീഷണി ആവര്‍ത്തിക്കുന്നതിനിടെയാണ് റിയാദിലെ ആക്രമണം.
ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ ഇറാൻ രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ദുഷ്ടസംഘത്തെ ഇല്ലാതാക്കിയെന്നായിരുന്നു ലാരിജാനിയുടേയും ഉദ്യോഗസ്ഥരുടേയും മരണത്തെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.
ഇറാനിലെ പ്രകൃതിവാതകകേന്ദ്രമായ സൗത്ത് പാര്‍സിലെ ആക്രമണത്തിന് മറുപടിയായി മേഖലയിലെ എണ്ണ,വാതകപ്പാടങ്ങളും ഇറാന്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാനില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. അഞ്ച് ബാലിസ്റ്റിക് മിസൈലുകളില്‍ നാലെണ്ണം തടഞ്ഞെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തമുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖാര്‍ജിലും കിഴക്കന്‍ മേഖലയിലും ഡ്രോണ്‍ ആക്രമണശ്രമമുണ്ടായി.
ആക്രമണത്തിന് പിന്നാലെ ദോഹയിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെ ഖത്തര്‍ പുറത്താക്കി. അബുദാബിയില്‍ ഹെബ്ഷന്‍, ബാബ് എണ്ണ, വാതകകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വ്യോമാക്രമണശ്രമം നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഇന്ധനകേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടു.