വന്‍ സൈനീക സന്നാഹവുമായി യുഎസ് യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്. ഹോര്‍മുസ് തുറമുഖത്തിന് സമീപം ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുപയോഗിച്ച് യുഎസ് ആക്രമണം നടത്തി. സുരക്ഷാ മേധാവി ലാരിജാനിയുടെ വധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ജപ്പാനിലെ ഒകിനാവ സേനാത്താവളത്തില്‍ നിന്ന് 2500 സൈനീകരെയുമായാണ് യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളി സിംഗപ്പൂര്‍ തീരത്തെത്തുന്നത്. സൈനീക വിന്യാസം എങ്ങനെ ആയിരിക്കുമെന്ന് നിലവില്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷേ അന്‍പതിനായിരത്തോളം സൈനീകരെ പശ്ചിമേഷ്യയിലാകെ യുഎസ് വിന്യസിച്ചിട്ടുണ്ടെന്നത് സാഹചര്യത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സഖ്യകക്ഷികളുടെ നിസഹകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഇനി നാറ്റോ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ഹോര്‍മുസ് തുറമുഖം തുറക്കാനുള്ള ആദ്യഘട്ട നീക്കമായാണ് ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളിലേക്ക് യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഭൂമിക്കടിയിലേക്ക് തുളച്ചുകയറാന്‍ ശേഷിയുള്ള ഈ ബോംബുകള്‍ ഉപയോഗിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അടിയന്തരസാഹചര്യങ്ങളിലെല്ലാം റവല്യൂഷണറി ഗാര്‍ഡിന്റെ കരുത്തായിരുന്ന അലി ലാരിജാനിയുടെ വധം ഇറാനെ സാരമായി ബാധിച്ചു. സൈന്യത്തിന്റെ നേരിട്ടുളള ചുമതലയില്ലെങ്കിലും എല്ലാ സ്ട്രാറ്റജിക് തീരുമാനങ്ങളിലും ലാരിജാനി നിര്‍ണായക സാന്നിധ്യമായിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തൊട്ടുപിന്നാലെ ഇസ്രയേല്‍ ലക്ഷ്യമാക്കി നടന്ന മിസൈലാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലബനനിലേക്ക് ഇസ്രയേല്‍ ഇന്നും സൈനീകനീക്കം ശക്തമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും രാജ്യങ്ങളില്‍ യുഎഇയും ദുബായും ഇറാന്‍ മിസൈലാക്രമണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.