കാബൂളിലെ ഒമിദ് ആശുപത്രി ഒരു പ്രതീകമായിരുന്നു. ലഹരിക്കടിമകളായവരെ ജീവിതത്തിലേക്ക് പിടിച്ചുനടത്തുന്ന ഇടം. എല്ലാത്തരത്തിലും പിന്തള്ളപ്പെട്ടുപോയ അഫ്ഗാന്‍ ജനതയുടെ തിരിച്ചുവരവിനുള്ള ആഗ്രഹങ്ങളുടെ പ്രതീകങ്ങളിലൊന്ന്. അവിടെയാണ് പാക് പട്ടാളം കണ്ണില്ലാത്ത ക്രൂരത ചെയ്തത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങള്‍ ആശുപത്രിക്കുമേല്‍ ബോംബുകള്‍ വര്‍ഷിച്ചു. ആയിരത്തിലേറെ രോഗികള്‍ ഉണ്ടായിരുന്നു അപ്പോള്‍ അവിടെ. 400 പേര്‍ നിന്നനില്‍പ്പില്‍ ചാമ്പലായി. 250ലേറെപ്പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 

Image: Afghanistan Hospital Attack, AFP

പരിശുദ്ധ റമദാന്‍ മാസത്തിലാണ് പാക് പട്ടാളം ഈ ക്രൂരകൃത്യം ചെയ്തത്. ഭീകരവിരുദ്ധപോരാട്ടം എന്ന പേരില്‍ അഫ്ഗാനിസ്ഥാനെതിരെ നടത്തുന്ന ആക്രമണപരമ്പരകളില്‍ ഏറ്റവും പൈശാചികമായ കൃത്യം. ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ഇന്‍ഫമേഷന്‍ വകുപ്പ് അവകാശപ്പെടുന്നു. സൈന്യം മിണ്ടുന്നില്ല. ആക്രമിച്ചത് പാക് താലിബാന്‍റെയും അഫ്ഗാന്‍ താലിബാന്‍റെയും ആയുധസംഭരണ കേന്ദ്രങ്ങളും താവളങ്ങളുമാണെന്നാണ് പാക് വാദം. എന്നാല്‍ അതൊന്നുമല്ല, ആശുപത്രിയാണ് ആക്രമിക്കപ്പെട്ടതെന്ന് റോയിട്ടേഴ്സും അഫ്ഗാന്‍ മാധ്യമങ്ങളും തുറന്നുകാട്ടുന്നു. യുദ്ധ കുറ്റകൃത്യം എന്നാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം റാഷിദ് ഖാന്‍ പാക് ആക്രമണമെന്ന് വിശേഷിപ്പിച്ചത്. ആശുപത്രികളിലും സ്കൂളുകളും മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നതിനെ എന്തിന്‍റെ പേരില്‍ ന്യായീകരിക്കുമെന്നും റാഷിദ് ഖാന്‍ ചോദിച്ചു.

Image: Afghanistan Hospital Attack, AFP

2016ലാണ് കാബുളില്‍ ഒമദ് ആശുപത്രി സ്ഥാപിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. നൂറുകണക്കിനാളുകള്‍ ഇവിടെ ലഹരിമുക്തി നേടി ജീവിതം തിരിച്ചുപിടിച്ചിട്ടുണ്ട്. ചികില്‍സയ്ക്കൊപ്പം ഉപജീവനമാര്‍ഗങ്ങള്‍ കൂടി പഠിപ്പിക്കുന്ന സ്ഥലം. അത്തരമൊരു സ്ഥലം മുഴുവന്‍ വെന്തുവെണ്ണീറാക്കിയപ്പോള്‍ എന്തുകിട്ടി എന്ന ചോദ്യം പാക്കിസ്ഥാന്‍ ഗൗനിച്ചിട്ടില്ല. വെറുപ്പിനെ വെറുപ്പുകൊണ്ട് അക്രമത്തെ അക്രമം കൊണ്ടുമാണ് നേരിടുന്നതെങ്കില്‍ എന്തൊക്കെ ബാക്കിയുണ്ടാകും എന്ന് ഓര്‍ക്കുന്നതും നല്ലതാണ്. 

Image: Afghanistan Hospital Attack, AFP

തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന ഭീകരസംഘടനയ്ക്ക് അഫ്ഗാനിസ്ഥാനില്‍ അഭയവും സൗകര്യങ്ങളും ഒരുക്കുന്നത് അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ ആണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു. അതില്‍ വാസ്തമുണ്ടുതാനും. പക്ഷേ ടിടിപിയെയും താലിബാനെയും സൃഷ്ടിച്ചതില്‍ പാക് സൈന്യത്തിനുള്ള പങ്ക് കണക്കിലെടുക്കുമ്പോള്‍ വിതച്ചത് കൊയ്യുന്നു എന്നേ പറയാനാകൂ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ തുടരുന്ന യുദ്ധം വിപുലപ്പെടാതിരിക്കാന്‍ ചൈന കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍റെ പുതിയ പ്രകോപനമെന്നതും ശ്രദ്ധേയമാണ്. അഫ്ഗാനില്‍ ഇപ്പോഴുള്ള ഭരണകൂടം ഇന്ത്യയോട് അടുപ്പം കാട്ടുന്നതില്‍ പാക് സൈന്യത്തിനുള്ള വിദ്വേഷവും ആക്രമണങ്ങള്‍ കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. ആശുപത്രി ആക്രമണത്തെ അഫ്ഗാനിലെ യുഎന്‍ പ്രതിനിധി ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. തൊട്ടടുത്ത ഇറാനില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട് നില്‍ക്കേ അഫ്ഗാനില്‍ സ്ഥിതി കൈവിട്ടുപോയാല്‍ ഫലം വിനാശകരമായിരിക്കുമെന്നതില്‍ സംശയമില്ല. 

Pakistani Airstrike Devastates Kabul Hospital:

The bombing of Omid Hospital in Kabul by Pakistani forces represents a brutal act of violence against a place of healing and recovery for drug addicts and marginalized Afghans. This devastating attack, which resulted in numerous casualties, highlights the ongoing conflict and suffering in Afghanistan, prompting international condemnation and calls for accountability.