ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളാണ് എപ്സ്റ്റീന്‍ ഫയല്‍സിലൂടെ പുറത്തുവരുന്നത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം ചേര്‍ന്നുള്ള അതിസമ്പന്നരുടേയും രാജ്യതലവന്‍മാരുടേയും ഇരുണ്ട ദിനങ്ങള്‍ യുഎസ് നീതിന്യായവകുപ്പ് പുറത്തുവിടുന്ന രേഖകളിലൂടെ പുറത്തുവന്നുകഴിഞ്ഞു. ഇപ്പോഴിതാ കൊളാമ്പി പൂവിനോട് സാമ്യമുള്ള ‘ഉമ്മത്തിന് ' എപ്സ്റ്റീനുമായുള്ള ബന്ധമാണ് ഏറ്റവും പുതിയതായി രേഖകളിലുടെ പുറത്തുവരുന്നത്.

തന്‍റെ നഴ്സറിയില്‍ എപ്സ്റ്റീന്‍ ഏറ്റവും കൂടുതലായി വളര്‍ത്തിയിരുന്നത് ഉമ്മത്തിന്‍ പൂ ആണത്രേ. ഇതുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള ഇമെയിലുകള്‍ എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിശാചിന്‍റെ ശ്വാസം’ എന്നറിയപ്പെടുന്ന ഈ പൂ എപ്സ്റ്റീന്‍ തന്‍റെ മനോവൈകല്യം നിറച്ച എല്ലാ ദുഷ്പ്രവര്‍ത്തികള്‍ക്കും ഉപയോഗിച്ചിരുന്നതായാണ് മനസിലാക്കുന്നത്. സാമ്പത്തിക ഇടപാടുകാര്‍ക്കും ഏറെ താല്‍പര്യമുള്ള പൂവാണിതെന്ന് പറയപ്പെടുന്നു.

ഈ ചെടിയുടെ പൂവില്‍ ‘സ്കോപൊളാമൈൻ’ എന്ന ലഹരിമരുന്ന് അടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ചാര ഏജന്‍‍സിയായ സിഐഎയും ലഹരിമരുന്ന് കാര്‍ട്ടലുകളും പണ്ട് മുതലേ ഇവ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഈ പൂവിന്‍റെ സ്വാധീനത്തില്‍ ഒരാള്‍ പറയുന്നതെന്തും മറ്റൊരാള്‍ ചെയ്യുമെന്നും എന്നാല്‍ അത് ആ വ്യക്തിയുടെ ഓര്‍മയില്‍ ഉണ്ടായിരിക്കില്ലെന്നുമാണ് ഒരുവിശ്വാസം. പലതവണ എപ്സ്റ്റീന്‍ രേഖകളില്‍ ഈ പൂവിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2015 ജനുവരി 27ന് ഫോട്ടോഗ്രാഫര്‍ അന്റോയിന്‍ വെര്‍ഗ്ലാസ് അയച്ച ഒരു മെയിലിലും സമാന പരാമര്‍ശമുണ്ട്. കൊളംബിയയിലെ കാടുകളില്‍ വളരുന്ന ഈ ചെടി ഇച്ഛാശക്തിയെ ഇല്ലാതാക്കുന്ന ശക്തമായ മയക്കുമരുന്നാണെന്ന് പറയുന്നു അന്റോയിന്‍. ‘സ്കോപോളാമൈന്‍ ആളുകളെ അനുസരിപ്പിക്കാന്‍ കഴിവുള്ളവയാണ്, നിങ്ങള്‍ക്ക് അവരെ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, ഒരു കുഞ്ഞിനെ പോലെ അവര്‍ അനുസരിക്കും’–എന്നിങ്ങനെ ചില പരാമര്‍ശങ്ങളും ഇതില്‍ കാണാം.

ബ്രഗ്മാന്‍സിയ അഥവാ ഡാറ്റ്യൂറ വിഭാഗത്തില്‍പ്പെട്ട ഇനമാണ് ഈ ചെടികള്‍. സ്കോപൊളാമൈന്‍, അട്രോപൈന്‍, ഹൈയോസയമിന്‍ എന്നിവ ഈ ചെടിയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യര്‍ ഇവ ഉപയോഗിക്കുമ്പോള്‍ നാഡീശൃംഖലയെയാണ് നേരിട്ട് ബാധിക്കുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചെറിയ അളവില്‍ മരുന്നായി ഉപയോഗിക്കുന്ന സ്കോപൊളാമൈന്‍ അമിതമായാല്‍ പരിഭ്രമം, അസ്വസ്ഥത, മങ്ങിയ കാഴ്ച, ഓര്‍മക്കുറവ് എന്നിവയ്ക്കും കാരണമാകാം. കോമയിലേക്കും മരണത്തിലേക്കും വരെ നയിക്കാന്‍ സാധ്യതയുള്ളവയാണിത്.

സൗത്ത് അമേരിക്കയിലാണ് ഇവയുടെ ഉത്ഭവമെങ്കിലും ഇതിന്റെ പലയിനങ്ങളും ഇന്ത്യയിലുള്‍പ്പെടെ കാണാന്‍ സാധിക്കും. അലങ്കാരച്ചെടി ആയിപ്പോലും ഉപയോഗിക്കാറുണ്ടെങ്കിലും ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിഷമുള്ളവയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയില്‍ മതപരമായ ചില കാര്യങ്ങളിലും ഈ ഡാറ്റ്യൂറ വിഭാഗത്തില്‍പ്പെട്ട പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഹിന്ദു പുരാണങ്ങളിലും ആരാധനാചടങ്ങുകളിലും ഭഗവാൻ ശിവനുമായി ബന്ധപ്പെട്ടാണ് കൂടുതലായും ഉപയോഗിച്ചുവരുന്നത്.

എപ്സ്റ്റീന് ഉമ്മത്തിന്‍ പൂകൃഷിയും ; പൂവിലെ ‘സ്കോപൊളാമൈന്‍’ ലഹരിക്കായി ഉപയോഗിച്ചിരുന്നെന്ന് സൂചന | Epstein Files Reveal Disturbing Link to Devil's Breath Drug:

Jeffrey Epstein's dark secrets are being exposed through the release of his files, revealing his association with the potent mind-altering drug, Colombian Devil's Breath (Datura/Brugmansia), also known as Scopolamine. Manorama News reports that this substance, capable of inducing suggestibility and memory loss, was reportedly cultivated and utilized by Epstein in connection with his illicit activities.