Image: USTR, PTI

 വിവാദ ഭൂപ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭൂപടം എക്സില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ പിന്‍വലിച്ച് യുഎസ് വ്യാപാര പ്രതിനിധി ഏജന്‍സി(USTR-United states trade representative). ജമ്മു കശ്മീരും ലഡാക്കും പാക് അധീന കശ്മീരും അക്സായ് ചിനുമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭൂപടമായിരുന്നു യുഎസ് ഏജന്‍സി ആദ്യം എക്സില്‍ പങ്കുവച്ചത്.

പാക്കിസ്ഥാനും ചൈനയുമായുള്ള വിവാദഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഭൂപടം ഫെബ്രുവരി 7നാണ് പോസ്റ്റ് ചെയ്തത്. പൊതുവേ തര്‍ക്കപ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്ന അമേരിക്കയുടെ പഴയ രീതിയില്‍ നിന്നും മാറിയുള്ള ഭൂപടം വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യ– അമേരിക്ക വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള ഗ്രാഫിക്കല്‍ പോസ്റ്റ് ആയിരുന്നു ഇത്. ഇന്ത്യ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ചില തീരുവകൾ കുറച്ചത് ചിത്രീകരിച്ചായിരുന്നു പോസ്റ്റ്.

വ്യാപാരക്കരാറിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു ഭൂപടം പ്രസിദ്ധീകരിച്ചത് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കുന്ന രാഷ്ട്രീയ പിന്തുണകൂടിയായി വിലയിരുത്തപ്പെട്ടു. എന്നാല്‍ വിവാദമേഖല അടയാളപ്പെടുത്താന്‍ മറന്നതാകുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. നികുതി തര്‍ക്കങ്ങളില്‍ മോശമായ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമെന്നും ഭൂപടത്തെ ചിലര്‍ വലയിരുത്തി.എന്നാല്‍ ഏജന്‍സി പോസ്റ്റ് തന്നെ മുക്കിയതിലൂടെ കാര്യം കൂടുതല്‍ വ്യക്തമായി.

ഔദ്യോഗിക എക്സ് പേജില്‍ നിന്നും അമേരിക്കയും ഈ ഭൂപടം മാറ്റി. വലിയ ഗൗരവം നല്‍കാതെ പോസ്റ്റ് ചെയ്തതാകുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം തര്‍ക്കഭൂമികളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ നിലപാട് തുടരുകയാണ്. ജമ്മു-കാശ്മീരും ലഡാക്കും അക്സായ് ചിനും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളെന്നു തന്നെയാണ് ഇന്ത്യന്‍ നിലപാട്.

ENGLISH SUMMARY:

The US trade representative agency (USTR) has withdrawn a map posted on X that included disputed territories of India, Jammu Kashmir, Ladakh, Pakistan-occupied Kashmir, and Aksai Chin. This diplomatic map was initially shared on February 7th and caused significant attention due to its depiction of territorial disputes.