മരുഭൂമിയിലെ പൊരിവെയിലത്ത് സൈക്കിളിൽ മസാലപ്പൊടികൾ വിറ്റുതുടങ്ങിയ പ്രവാസ ജീവിതമാണ് മലപ്പുറം സ്വദേശി മൊയ്തുണ്ണി ബാവയുടേത്. അരനൂറ്റാണ്ട് മുൻപ് യു.എ.ഇ യിലെത്തിയ അദ്ദേഹം , 'ആർ.എഫ്. കംബൈൻ ഹോൾഡിങ്‌സ് ' എന്ന ഭക്ഷ്യവ്യവസായം വളർത്തിയെടുത്തതിന് പിന്നിൽ നിരന്തരമായ അധ്വാനത്തിന്റെ കഥയുണ്ട് . മസാലപ്പൊടികൾ മുതൽ റെഡി-ടു-കുക്ക് വിഭവങ്ങൾ വരെ നീളുന്ന വൈവിധ്യങ്ങളുമായി വിശ്വസ്തതയുടെ 42 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഈ സ്ഥാപനം .
1976-ലാണ് മൊയ്തുണ്ണി ബാവ തൊഴിൽ തേടി അബുദാബിയിൽ എത്തുന്നത്. കഠിനമായ പ്രവാസാനുഭവങ്ങൾക്കൊടുവിൽ, സമ്പാദ്യമെല്ലാം കൂട്ടിവച്ച് 1984-ൽ ദുബായ് ദെയ്‌റയിൽ 'അതീഖ് അബ്ദുള്ള ഫ്ലവർ മില്ലിന്' അദ്ദേഹം തുടക്കമിട്ടു. മായമില്ലാത്ത നാടൻ വിഭവങ്ങൾ പ്രവാസികൾക്ക് നൽകണമെന്ന നിശ്ചയദാർഢ്യത്തോടെ അദ്ദേഹം സൈക്കിളിൽ കൊണ്ടുനടന്ന് വിറ്റ മസാലപ്പൊടികൾ വൈകാതെ ജനപ്രിയമായി. 1986-ൽ കുടുംബാംഗമായ അബ്ദുള്ള കൂടി ഒപ്പം ചേർന്നതോടെ കമ്പനിയുടെ വളർച്ചയ്ക്ക് വേഗതയേറി. ഇന്ന് ആയിരത്തിലധികം ജീവനക്കാരുമായി വളർന്ന പ്രസ്ഥാനത്തെ ,ചെയർമാൻ മൊയ്തുണ്ണി ബാവയോടൊപ്പം മാനേജിംഗ് ഡയറക്ടർ ഷംസുദ്ദീൻ കരിമ്പനക്കൽ, സി.ഇ.ഒ-യും ഡയറക്ടറുമായ ഫസലു റഹ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള പി.കെ എന്നിവർ ചേർന്ന് നയിക്കുന്നു.
2004-ൽ ആർ.എഫ്. കംബൈനിന്റെ കീഴിൽ പിറവിയെടുത്ത 'നെല്ലറ' (Nellara) എന്ന ബ്രാൻഡ് മലയാളിയുടെ തനത് സ്വാദിൽ നിരവധി ഉൽപ്പന്നങ്ങളാണ് ഇന്ന് ലോകമെമ്പാടും എത്തിക്കുന്നത്. തിരക്കേറിയ പ്രവാസി ജീവിതത്തിന് വലിയ ആശ്വാസമാകുന്ന റെഡി-ടു-കുക്ക് വിഭവങ്ങളായ ഇഡ്ഡലി, പൊറോട്ട, പത്തിരി തുടങ്ങിയവയും ഇന്ന് വിപണിയിലെ മുൻ നിരയിലുണ്ട് . ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, യു.കെ, യു.എസ്.എ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ ഇന്ന് ആർ.എഫ്. കംബൈൻ ഹോൾഡിങ്‌സ് തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.അമ്പത് വർഷം മുൻപ് മലപ്പുറം എടപ്പാളിൽ നിന്ന് കടൽ കടന്ന 'ബാവാക്ക' എന്ന് എല്ലാവരും വിളിക്കുന്ന മൊയ്തുണ്ണി ബാവയുടെ സ്വപ്നം, ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ട രുചിക്കൂട്ടായി മാറിക്കഴിഞ്ഞു.