പാകിസ്താന്‍റെ തലസ്ഥാനമായ ഇസ്ലാമബാദിൽ ഷിയാ ആരാധനാലയത്തിലെ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെയുണ്ടായ വൻ സ്‌ഫോടനത്തില്‍ ചിന്നിച്ചിതറിയത് 25 ജീവനുകള്‍. പരുക്കേറ്റ നൂറിലധികം പേരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഷെഹ്‌സാദിലെ ടർലായി ഇമാംബർഗാഹിലാണ് നടുക്കുന്ന സംഭവം. 

പരുക്കേറ്റവരില്‍ പലരുടെയും ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് നഗരം അതീവ ജാഗ്രതാ നിർദ്ദേശത്തിലാണ്. പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചാവേർ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ഇസ്ലാമബാദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. പള്ളികള്‍ ലക്ഷ്യം വെച്ചുള്ള ചാവേറ് ആക്രമണം തടയാന്‍ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ലെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് പറയുന്നു. ഇസ്ലാമാബാദിൽ കഴിഞ്ഞ നവംബറിലും ‌സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. 

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉന്നയിക്കുന്ന വിഘടനവാദ പ്രശ്നങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലും പാകിസ്ഥാന് തലവേദനയാവുകയാണ്. അതിന്‍റെ ഭാഗമായുള്ള ആക്രമണമാണോ ഇതെന്ന് നിലവില്‍ സ്ഥിരീകരണമില്ല. അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്ന് അധികൃതര്‍ പറയുന്നു. 

ENGLISH SUMMARY:

Islamabad blast news reports on a devastating explosion at a Shia mosque in Pakistan's capital, Islamabad, claiming 25 lives and injuring over a hundred. The incident has placed the city on high alert and raises concerns about Pakistan's security.