saif-death

Seif al-Islam Gadhafi speaks to the media at a press conference in a hotel in Tripoli, Libya. (AP Photo/Ben Curtis, File)

TOPICS COVERED

  • മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു
  • ‘സെയ്ഫ് രക്തസാക്ഷിയായി’ എന്ന് ബന്ധുക്കള്‍
  • സായുധസംഘം വീട്ടിലെത്തി കൊലപ്പെടുത്തി

അന്തരിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാതെ ബന്ധുക്കളാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയത്. സിന്താനിലെ വീട്ടില്‍വച്ച് അജ്ഞാതനാല്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് കുടുംബം  മാധ്യമപ്രവര്‍ത്തകരേയും അറിയിച്ചത്.

 

ഇന്നലെയാണ് സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫിയുടെ മരണവിവരം ബന്ധു ഹമീദ് ഗദ്ദാഫി പുറത്തുവിട്ടത്. ‘സെയ്ഫ് രക്തസാക്ഷിയായി’ എന്നു മാത്രമായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. അതേസമയം സായുധരായ നാലുപേര്‍ ചേര്‍ന്ന് വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നും സിസിടിവി തകര്‍ത്ത ശേഷം സെയ്ഫിനെ കൊലപ്പെടുത്തിയെന്നും ബന്ധുവായ അബ്ദുല്ല ഒത്മാന്‍ അബ്ദുറഹീം, അല്‍–അഹ്‌റാര്‍ ടിവിയോട് പറഞ്ഞു. ലിബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ സിന്താനില്‍വച്ചാണ് കൊല്ലപ്പെട്ടതെന്നും ലിബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

53കാരനായ സെയ്ഫ്, മുഅമര്‍ ഗദ്ദാഫിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്നു.  2021-ൽ അദ്ദേഹം രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ തിരഞ്ഞെടുപ്പുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. പിതാവിന്റെ ഭരണകാലത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും, ലിബിയയുടെ പ്രധാനമന്ത്രിയെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 

 

2011 ലെ അറബ് വിപ്ലവത്തിന് മുന്‍പുതന്നെ ലിബിയയില്‍ പുരോഗമന ചിന്താഗതിയുള്ള നേതാവെന്ന പ്രതിഛായ അദ്ദേഹം വളർത്തിയെടുത്തു. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് രക്തം കൊണ്ടാവും മറുപടിയെന്ന നിലപാടുകളിലൂടെയും അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയും ആ പ്രതിഛായ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. മനുഷ്യത്വഹീനമായ നീക്കങ്ങളുടെ പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന്, 2011 നവംബറിൽ തെക്കൻ ലിബിയയിൽ വച്ച് അറസ്റ്റിലായി. 2015ല്‍ നടന്ന അതിവേഗ വിചാരണയിൽ മരണശിക്ഷ വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഇളവ് ലഭിച്ചു. 

 

സെയ്ഫിനെ വഞ്ചിച്ചു കൊലപ്പെടുത്തിയെന്നും ജനങ്ങള്‍ക്കായി സുരക്ഷിതമായ ഐക്യവും പരമാധികാരവും ഉള്ള ഒരു ലിബിയയെ സൃഷ്ടിക്കാന്‍ ആഗ്രഹിച്ച നേതാവാണ് കൊല്ലപ്പെട്ടതെന്നും മുഅമര്‍ ഗദ്ദാഫിയുടെ അവസാനകാലത്തെ വക്താവായിരുന്ന മൂസ ഇബ്രാഹിം എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

Saif al-Islam Gaddafi, son of the late Libyan dictator Muammar Gaddafi, has reportedly been killed. Relatives revealed the information on social media without providing further details, stating only that he was killed by an unknown assailant at his home in Zentan.