കൂട്ടുകാര്‍ക്കൊപ്പം ചെളിയില്‍ കളിക്കുന്നതിനിടെ മറഞ്ഞിരുന്ന മരക്കുറ്റി ഹൃദയത്തില്‍ തുളച്ചുകയറി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. യുകെ പ്ലിമൗത്ത് സ്വദേശിയായ ലിലി ഏന്‍ജല്‍ റോഡ്ജേഴ്സാണ് (11) ദാരുണാന്ത്യത്തിനിരയായത്. സര്‍ഫിങ്ങിലും കാംപിങ്ങിലും വിദഗ്ധയായ പെണ്‍കുട്ടി പുറത്ത് കളിക്കാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ശനിയാഴ്ച കുടുംബം വീട്ടില്‍ നിന്ന് അകലെയുള്ള ചതുപ്പില്‍ ഔട്ട്ഡോര്‍ കാംപിട്ട് ബാര്‍ബിക്യു നടത്തുകയായിരുന്നു. ഇതിനിടെ ലിലിയും സഹോദരങ്ങളും സമീപത്തെ കുളത്തില്‍ കളിക്കുകയായിരുന്നു. കുളത്തിന് തീരത്തായി ചരിവുള്ള ഒരു ഭാഗമുണ്ടായിരുന്നു. ഈ ഭാഗത്ത് നിന്ന് കുളത്തിലേക്ക് ഉരസി ഇറങ്ങി കളിക്കുകയായിരുന്നു കുട്ടികള്‍.
ഇതിനിടെ ലിലി കുളത്തിലേക്ക് ഉരസി നീങ്ങി. കിടന്നുകൊണ്ടാണ് കുട്ടി താഴേക്ക് പോയത്. ചെളിയില്‍ പുതഞ്ഞുകിടന്നിരുന്ന മൂര്‍ച്ചയുള്ള മരക്കഷണം കുട്ടിയുടെ വാരിയെല്ല് തുളച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ ലിലി എഴുന്നേറ്റ് നെഞ്ചത്ത് പിടിക്കുകയും ശ്വാസമെടുക്കാന്‍ ശ്രമിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടന്‍ പ്രദേശത്തേക്ക് ഹെലികോപ്റ്ററില്‍ രക്ഷാസംഘം എത്തുകയും കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ഹൃദയം ഇതിനോടകം നിലച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ ഹൃദയത്തിലേക്ക് കൃത്യമായി മരക്കഷണം തുളഞ്ഞുകയറുകായായിരുന്നെന്ന് വ്യക്തമായി.