പൊട്ടുതൊട്ടതിന്റെ പേരില്‍ ലണ്ടനിലെ സ്കൂളില്‍ 8വയസുകാരനു നേരെ വിവേചനം. കുട്ടിയോട് തന്റെ വിശ്വാസവും മതാചാരവും വിവരിക്കണമെന്ന് പറഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ സ്കൂളിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തിയതായും ആരോപണമുയര്‍ന്നു. ഒടുവില്‍ കുട്ടിക്ക് സ്കൂള്‍ മാറേണ്ടുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടുവെന്നാണ് ഇന്ത്യന്‍സമൂഹത്തെ പ്രതിനിധീകരിക്കുന്ന സാമൂഹിക സംഘടനയായ ഇന്‍സൈറ്റ് യുകെ അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ ചോദ്യം ചെയ്തത് തീര്‍ത്തും അനുചിതമാണെന്ന് ഇന്‍സൈറ്റ് അഭിപ്രായപ്പെടുന്നു. സ്കൂളിലെ ഇടവേളകളില്‍ പ്രധാനാധ്യാപിക കുട്ടിയെ നിരീക്ഷിച്ചിരുന്നതായും പരാതി ഉയര്‍ന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപിക ഭീഷണിപ്പെടുത്തുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സഹപാഠികള്‍ക്കൊപ്പം കളിക്കാതെ മാറിനിന്നതായും പരാതികള്‍ ഉയര്‍ന്നു.
മതാചാരത്തിന്റെ പേരിൽ മാത്രമാണ് എട്ട് വയസ്സുകാരനെ നിരീക്ഷിച്ച് ഭീഷണിസാഹചര്യം സൃഷ്ടിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇത്തരം പെരുമാറ്റങ്ങളും ചോദ്യം ചെയ്യലുകളും കുട്ടിയുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുന്നതാണെന്നും ഗുരുതരമായ തോതിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്‍സൈറ്റ് യുകെ വക്താക്കള്‍ പറയുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് തിലക് ചന്ദ്ലോ പോലുള്ള ഹിന്ദു മതാചാരങ്ങളുടെ പ്രാധാന്യം അധ്യാപകരേയും മറ്റ് സ്കൂള്‍ ഗവര്‍ണര്‍മാരേയും പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇന്‍സൈറ്റ് സംഘം പറയുന്നു. വികാര്‍സ് ഗ്രീൻ പ്രൈമറി സ്കൂളിലെ മതവിവേചനം കാരണം കുറഞ്ഞത് നാല് കുട്ടികളെങ്കിലും സ്കൂൾ വിട്ടുപോകേണ്ടി വന്നതായി സംഘം ചൂണ്ടിക്കാട്ടുന്നു.