saudi

TOPICS COVERED

മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണ തോത് കുത്തനെ ഉയർത്തി സൗദി അറേബ്യ. നിലവിലെ നിരക്ക് അറുപത് ശതമാനമാക്കി വർധിപ്പിച്ചുകൊണ്ട് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത് . സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിയമം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കും.

മാർക്കറ്റിങ് മാനേജർ, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങി പത്തോളം  തസ്തികകളാണ് മാർക്കറ്റിങ് വിഭാഗത്തിൽ ഉൾപ്പെടുന്നത്.  സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ തുടങ്ങിയ തസ്തികകളിലും ഇനി മുതൽ അറുപത് ശതമാനം സ്വദേശികളെ നിയമിക്കണമെന്നത് നിർബന്ധമാണ്. മലയാളികൾ വൻതോതിൽ ജോലി ചെയ്യുന്ന ഈ മേഖലകളിൽ പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പുതിയ നിയമപ്രകാരം മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ വേതനം അയ്യായിരത്തി അഞ്ഞൂറ് റിയാലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.നിയമം പ്രായോഗികമാക്കുന്നതിന് മുൻപായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്ന അല്ലെങ്കിൽ നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾ കനത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ  നീക്കം. മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് നിയമം നടപ്പിലാക്കിതുടങ്ങും.

ENGLISH SUMMARY:

Saudi Saudization is increasing in the marketing and sales sectors, with the localization rate rising to 60%. This move aims to boost employment for Saudi nationals but may impact expatriate workers.