പ്രക്ഷോഭം കത്തിക്കയറുന്ന ഇറാനില്‍ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നതിനിടെ ഇറാനുചുറ്റും യുദ്ധസാഹചര്യങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ തന്ത്രപ്രധാന മേഖലകളുടെ വിവരങ്ങള്‍ യു.എസിന് ലഭിച്ചതായും വിവരമുണ്ട്. യുണൈറ്റഡ് എഗെയിന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍ എന്ന എന്‍ജിഒയാണ് ഇസ്‍ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്‍റെ ആസ്ഥാനത്തിന്‍റെ വിവരങ്ങളടക്കം വൈറ്റ്ഹൗസിന് കൈമാറിയത്. 50 നിര്‍ണായക ഉന്നത സൈനിക ലക്ഷ്യങ്ങളുടെ വിവരം യു.എസിന് ലഭിച്ചു എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരെ രാജ്യത്തെ ജനത തെരുവിലിറങ്ങി പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. എന്തുവന്നാലും പ്രക്ഷോഭകരെ അടിച്ചമര്‍ത്തുമെന്ന് പറയുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ ഇതുവരെ 2500ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. പുറത്തുവരാത്ത കണക്കുകള്‍ ഇതിലുമേറെയെന്നത് വ്യക്തം.
പ്രക്ഷോഭകര്‍ക്ക് പരസ്യമായി പിന്തുണയറിയിച്ചതോടെ തന്നെ വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ട്രംപിന്റെ സൈനികനടപടി ആ രാജ്യത്ത് വിപരീത ഫലമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുറത്തുനിന്നുള്ള സൈനിക സമ്മർദ്ദം ദേശീയ വികാരം ആളിക്കത്തിക്കാനും, പ്രതിഷേധത്തിന്റെ നിയമസാധുത ദുർബലപ്പെടുത്താനും മാത്രമേ ഉപകരിക്കുള്ളൂ, മാത്രമല്ല ഇറാന്‍ ഭരണകൂടത്തിന് ചുറ്റും ആഭ്യന്തര പിന്തുണ വര്‍ധിപ്പിക്കാനും ഇത് ഖമനയിയേയും കൂട്ടരേയും സഹായിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.
യുഎസിന് ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളിൽ സൈനിക താവളങ്ങളും സാഹചര്യങ്ങളുമുള്ളതിനാല്‍ കാര്യങ്ങള്‍ തീര്‍ത്തും അനുകൂലമാണ്. ഈ വിപുലമായ സാന്നിധ്യം വാഷിങ്ടണിന്റെ ശക്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇറാന്‍ മേഖലയിലെ യുഎസ് ആക്രമണത്തിന്റെ തിരിച്ചടിയായി ഖത്തറിലെ അൽ ഉദൈദില്‍ ആക്രമണം നടത്തി ടെഹ്‌റാനും ശേഷി പ്രകടമാക്കിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ പ്രധാനമായും അമേരിക്കയ്ക്ക് മുന്‍പില്‍ ആറ് മാര്‍ഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
People hold posters of the Iranian Supreme Leader Ayatollah Ali Khamenei during a funeral ceremony for a group of security forces, who were killed during anti-government protests, in Tehran, Iran, Wednesday, Jan. 14, 2026. (AP/PTI Photo)(AP01_14_2026_000678A)
∙ പ്രാദേശിക താവളങ്ങളിൽ നിന്ന് വ്യോമാക്രമണങ്ങൾ നടത്തുക എന്നതാണ് ആദ്യത്തെ മാര്‍ഗം. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ മധ്യപൂർവേഷ്യയിൽ നിലയുറപ്പിച്ചിട്ടുള്ള ബി-52 ബോംബർ വിമാനങ്ങളും യുദ്ധവിമാനങ്ങളും തയ്യാറായി നില്‍പ്പുണ്ട്.
∙ നാവികസേനയുടെ മിസൈൽ ആക്രമണങ്ങളാണ് മറ്റൊരു മാർഗ്ഗം. പേർഷ്യൻ ഉൾക്കടലിൽ തയ്യാറായ വിമാനവാഹിനിക്കപ്പലുകൾ, ഡിസ്ട്രോയറുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്നെല്ലാം ഇറാനിലെ അടിസ്ഥാന മേഖലകളെ ലക്ഷ്യമാക്കി ക്രൂയിസ് മിസൈലുകൾ തൊടുക്കാൻ കഴിഞ്ഞേക്കും.
∙ ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും ഇറാനില്‍ പ്രഹരമേല്‍പ്പിക്കാന്‍ യുഎസിനു കഴിഞ്ഞേക്കും. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സായുധ ഡ്രോണുകള്‍ പ്രയോഗിച്ചേക്കാം.
∙ സൈബര്‍ യുദ്ധങ്ങളും യുഎസിനു പരിചിതമാണ്. ഇറാനിയൻ കമാൻഡ് സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, സൈനിക ഏകോപനം എന്നിവ തടസപ്പെടുത്താന്‍ യുഎസ് സൈബർ ഓപ്പറേഷനുകൾക്ക് സാധിച്ചേക്കും.
∙ മറ്റ് രഹസ്യമായ സൈനിക ദൗത്യങ്ങള്‍ക്കും യുഎസ് തയ്യാറാവുകയാണെന്നാണ് സൂചന. ഇറാന്റെ തന്ത്രപ്രധാന ആസ്തികള്‍ക്കെതിരെ ഇത്തരത്തില്‍ രഹസ്യനീക്കങ്ങള്‍ നടത്തിയാല്‍ അത് ടെഹ്റാന്റെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.
∙ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുകയെന്നതാണ് മറ്റൊരു മാര്‍ഗം. ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുന്‍പേ അമേരിക്ക അത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാകും ഇതെന്നാണ് സൂചന.