ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനെതിരെ നടപടികള്‍ കടുപ്പിച്ച് യുഎസ്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയുമായുള്ള ഇടപാടുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരവ് അന്തിമമെന്നും പ്രാബല്യത്തില്‍വന്നെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ യുഎസിന്റെ സൈനിക ഇടപെടലുണ്ടാകുമോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.
ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുന്ന വേളയില്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചുവരികയാണെന്നും ഡോണല്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ടെഹ്റാനിലടക്കം കടുത്ത രീതിയിലുള്ള പ്രക്ഷോഭമാണ് കണ്ടത്. അതേസമയം ഇറാനിലെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎസിലെ ഡെല്‍റ്റ ഫോഴ്സ് ടെഹ്റാനു സമീപം തമ്പടിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ പുതിയ സൈനിക നീക്കം പശ്ചിമേഷ്യയെ അടുത്ത യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. 2025ല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായ നിലയിലായിരുന്നു.