സിംഗപ്പൂരിൽ ‘ഷുഗർ ഡാഡി’ ചമഞ്ഞ് മൂന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്ത കേസിൽ മലേഷ്യൻ സ്വദേശിക്ക് തടവ് ശിക്ഷ വിധിച്ചു. വിദേശിയായ സമ്പന്നൻ എന്ന് വിശ്വസിപ്പിച്ച് സിംഗപ്പൂരുകാരായ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത 38-കാരനായ രാജ്‌വന്ത് സിംഗ് ഗിൽ നരാജൻ സിംഗിനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. 12 വർഷം തടവും 15 ചൂരലടിയുമാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്.
തൊഴിൽരഹിതനും വിവാഹിതനുമായ രാജ്‌വന്ത്, ഡേറ്റിംഗ് ആപ്പുകൾ വഴി 'മൈക്കൽ നോളൻ', 'തോമസ്', 'മൈക്ക്' എന്നീ വ്യാജ പേരുകളിലാണ് ഇരകളെ പരിചയപ്പെട്ടത്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു.
ആദ്യത്തെ സ്ത്രീയെ ഇയാള്‍ മലേഷ്യയിൽ എത്തിക്കുകയും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ എട്ടു മാസത്തോളം ഇയാൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 1.85 ലക്ഷം ഡോളറിലധികം തട്ടിയെടുക്കുകയും നിർബന്ധിച്ച് വേശ്യാവൃത്തി ചെയ്യിപ്പിക്കുകയും ചെയ്തു. പ്രതിയുടെ ക്രൂരത കാരണം ഇരകളിൽ മുന്നാമത്തെ ആള്‍ക്ക് ഗുരുതരമായ മാനസികാഘാതം സംഭവിച്ചു.
പ്രതിയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും സാഡിസ്റ്റ് രീതിയിലുള്ളതുമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ലൈംഗികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്കായി ഇരകളുടെ ജീവിതം ഇയാൾ തകർത്തു. സിംഗപ്പൂർ പൊലീസ് ഫോഴ്സും റോയൽ മലേഷ്യൻ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. 13 സ്ത്രീകളെക്കൂടി ഇയാൾ സമാനമായ രീതിയിൽ ഉപദ്രവിച്ചതായി പരാതിയുണ്ട്. ഈ കേസുകളിൽ വിചാരണ പിന്നീട് നടക്കും.