Image: Reuters

യുഎസിലെ മിനിയാപ്പലിസില്‍ നടന്ന കുടിയേറ്റ പരിശോധനക്കിടെ പൊലീസിനുമേല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ച യുവതിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പ്രദേശത്തെ ജനവാസ മേഖലയില്‍ ബുധനാഴ്ച്ചയാണ് സംഭവം. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം വ്യാപകമായി നടക്കുന്ന കുടിയേറ്റ നിയമനടപടികള്‍ക്കിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായാണ് യുവതി സാഹസം കാണിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വാഹനമോടിച്ചു വന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥനെ ഇടിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പെന്നാണ് വിവരം.

വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് ഒരു കൂട്ടം പ്രതിഷേധക്കാർ തടിച്ചുകൂടി. ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലെ സമാന നടപടികളുടെ മുഖമായിരുന്ന യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്രിഗറി ബോവിനോ ഉൾപ്പെടെയുള്ള ഫെഡറൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുടിയേറ്റ നടപടികള്‍ക്കിടെ 2024നു ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഈ യുവതി. സൊമാലിയന്‍ വംശജരുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2000 ഏജന്റുമാരേയും ഉദ്യോഗ്സ്ഥരേയും പങ്കെടുപ്പിച്ച് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമാണ്  ഈ നിയമനടപടി. 

അതേസമയം തങ്ങള്‍ കുടിയേറ്റ അഭയാര്‍ഥികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ഉദ്യോഗസ്ഥരും കുടിയേറ്റ ഏജന്റുമാരും നഗരത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും മേയര്‍ ജേക്കബ് ഫ്രേ പറ‍ഞ്ഞു. 2020-ൽ ജോർജ്ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു മൈൽ ദൂരത്തിലാണ് ഈ സ്ഥലം. 

ENGLISH SUMMARY:

US Immigration Incident: A woman was shot and killed by police in Minneapolis during an immigration check after allegedly attempting to run over officers with her vehicle. The incident sparked protests and renewed concerns over immigration enforcement tactics, particularly in light of ongoing federal operations.