ആഗോളതലത്തില്‍ നാണക്കേടാകുന്നോ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍? സമൂഹമാധ്യമങ്ങളില്‍ ഇതാണ് ഇപ്പോള്‍ ചര്‍ച്ച. ഇത് കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ, നമുക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന വിഡിയോകളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. തെരുവുകളിൽ മൂത്രമൊഴിക്കുക, ഉച്ചത്തിൽ പാട്ട് വെക്കുക, പൊതുസ്ഥലങ്ങളിൽ ഷർട്ട് ഊരി നൃത്തം ചെയ്യുക എന്നിങ്ങനെയുള്ള സംഭവങ്ങൾ ഇന്ത്യന്‍ സഞ്ചാരികളെ കുറിച്ചുള്ള മതിപ്പ് കുത്തനെ കുറയ്ക്കുകയാണ്. ഇങ്ങനെയുള്ള ചിലരുടെ മോശം പ്രവൃത്തികൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദുബായിലെ ബുർജ് ഖലീഫയുടെ ഒബ്സർവേഷൻ ഡെക്കിൽ ഒരു സംഘം വിനോദസഞ്ചാരികൾ ഗർബ നൃത്തം ചെയ്തത്. സംഭവം വലിയ വിമർശനത്തിന് ഇടയാക്കി. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ അപമാനകരമാണ് എന്നാണ് പലരും പ്രതികരിച്ചത്. ഇവരുടെ കയ്യില്‍ സദാ ഒരു ബ്ലൂടൂത്ത് സ്പീക്കറുമുണ്ടാവും.
ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വിദേശ രാജ്യങ്ങളിൽ ഉച്ചത്തിൽ പാട്ട് വെച്ച് നൃത്തം ചെയ്യുകയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതുമായ ഇന്ത്യാക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതും ക്ഷീണമായി. വിയറ്റ്നാമിലെ ഹാ ലോങ് ബേയിൽ മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഉച്ചത്തിൽ സംസാരിക്കുകയും പാട്ടുപാടുകയും ചെയ്ത ഇന്ത്യൻ വിനോദസഞ്ചാരികള്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ടായി. ബാലി, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പെരുമാറ്റം നിയന്ത്രിക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പോലും ടൂർ ഗൈഡുകൾക്ക് നൽകിത്തുടങ്ങിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലഡാക്കിലെ പാംഗോങ് തടാകം പോലുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ റീലുകൾക്കായി അപകടകരമായ സാഹസങ്ങൾ ചെയ്യുന്നതും വർധിച്ചിട്ടുണ്ട്.
വിദേശത്ത് മാത്രമല്ല, ഇന്ത്യയിലേക്ക് എത്തുന്ന വിദേശീയര്‍ക്ക് ഇതിലും കയ്പേറിയ അനുഭവങ്ങളാണ് പറയാനുള്ളത്. അസർബൈജാനിൽ നിന്നുള്ള സ്ത്രീകളായ വിനോദസഞ്ചാരികളെ മുംബൈയിൽ ഒരു സംഘം പുരുഷന്മാർ തുറിച്ചുനോക്കുന്നതും അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതുമായ വിഡിയോയിൽ പ്രചരിച്ചിരുന്നു. 'എല്ലാ ഇന്ത്യക്കാരമല്ല, എന്നാല്‍ കൂടുതലും ഇന്ത്യക്കാര്‍', ഇത്തരം വിഡിയോകളിലൊന്നിന് ലഭിച്ച കമന്‍റാണ് ഇത്. ചിലര്‍ ചെയ്യുന്ന അതിര് കടന്ന ആഹ്ലാദവും ആഘോഷവും മൊത്തം രാജ്യത്തിന് തന്നെയാണ് നാണക്കേടാകുന്നത്.