ദുബായുടെ വികസനത്തിൽ പങ്കാളികളായ തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി താമസ കുടിയേറ്റ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിച്ചു. 'കമ്മ്യൂണിറ്റി വർഷം' എന്ന പ്രമേയത്തിൽ ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായാണ് പരിപാടികൾ നടന്നത് . ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടന്ന വിവിധ പരിപാടികളിൽ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികൾ പങ്കെടുത്തു.
അൽ ഖൂസ്, ജബൽ അലി, മുഹൈസിന എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളെ ആവേശത്തിലാഴ്ത്തി ബോളിവുഡ് താരങ്ങളും പ്രശസ്ത സംഗീത ബാൻഡുകളും വേദിയിലെത്തി. സറീൻ ഖാൻ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും പ്രമുഖ ഗായകരും പങ്കെടുത്ത കലാപരിപാടികൾ പുതുവത്സര രാത്രിയെ വർണ്ണാഭമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ലക്ഷം ദിർഹത്തിലേറെ മൂല്യമുള്ള സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ തൊഴിലാളികൾക്ക് വിതരണം ചെയ്തത്. കാറുകൾ, സ്വർണ്ണക്കട്ടികൾ, യാത്രാ ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ വിജയികൾക്ക് ലഭിച്ചു. അൽ ഖൂസിലെ വേദിയിൽ നേരിട്ടെത്തിയ ഇരുപതിനായിരത്തോളം പേർക്ക് പുറമെ, മുപ്പതിനായിരത്തിലേറെ പേർ 'ബ്ലൂ കണക്ട്' ആപ്ലിക്കേഷൻ വഴി ഓൺലൈനായും പങ്കെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് തൊഴിലാളികൾക്കായി ജിഡിആർഎഫ്എ ഇത്തരമൊരു ഗംഭീരമായ വിരുന്നൊരുക്കുന്നത്. തൊഴിലാളികളുടെ അമൂല്യമായ സംഭാവനകളെ മാനിച്ച് അവർക്ക് ആത്മവിശ്വാസം പകരുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അതീവ സുരക്ഷയോടെയായിരുന്നു ചടങ്ങുകൾ. വിവിധ രാജ്യങ്ങളുടെ നാടൻ കലാരൂപങ്ങളും നൃത്തശില്പങ്ങളും മേളയ്ക്ക് മാറ്റുകൂട്ടി.