അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ കൊച്ചുമകളും അമേരിക്കന്‍ പരിസ്ഥിതി മാധ്യമപ്രവര്‍ത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെര്‍ഗ് (35) അന്തരിച്ചു. ടാറ്റിയാനയുടെ മരണം ഇന്നലെയാണ് കുടുംബം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്നാണ് മരണം. 

‘ഞങ്ങളുടെ പ്രിയപ്പെട്ട ടാറ്റിയാന ഇന്ന് രാവിലെ അന്തരിച്ചു. അവൾ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കും’– ജെഎഫ്കെ ലൈബ്രറി ഫൗണ്ടേഷന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ കുടുംബം വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസിന്റെ ശാസ്ത്ര, കാലാവസ്ഥാ റിപ്പോര്‍ട്ടറാണ് ഷ്ലോസ്ബെര്‍ഗ്. തനിക്കു ബാധിച്ച അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന രോഗത്തെക്കുറിച്ച് കഴിഞ്ഞ നവംബറില്‍ ദി ന്യൂയോര്‍ക്കറില്‍ ഷ്ലോസ്ബെര്‍ഗ് എഴുതിയതോടെയാണ് രോഗത്തെക്കുറിച്ച് പുറത്തറിഞ്ഞത്. 

2024 മെയ് മാസത്തിലാണ് ഷ്ലോസ്ബെര്‍ഗിന്റെ രോഗത്തെക്കുറിച്ച് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനശേഷം ശ്വേതരക്താണുക്കളുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവ് കണ്ടെത്തിയിരുന്നു. പ്രായമായവരിലും ന്യൂയോര്‍ക്കിലെ  9/11 ഭീകരാക്രമണത്തിൽ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയവരിലും ആണ് ഈ രോഗം സാധാരണ ഗതിയില്‍ കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒരു വര്‍ഷം കൂടിയേ തന്റെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ പറ്റുള്ളൂവെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് ചികിത്സാ കാലയളവില്‍ ഷ്ലോസ്ബെര്‍ഗ് എഴുതിയിരുന്നു.  തന്റെ ചിന്തകളെല്ലാം ചിരിച്ചുനില്‍ക്കുന്ന കുഞ്ഞുമക്കളെക്കുറിച്ചാണെന്നും അന്ന് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിൽ ഇപ്പോൾ ആരോഗ്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബന്ധു കൂടിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ഷ്ലോസ്ബെര്‍ഗ് നിശിതമായി വിമര്‍ശിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു. വാക്സിനുകളുടെ ലഭ്യത കുറയ്ക്കുകയും മെഡിക്കൽ ഗവേഷണത്തിനുള്ള ചെലവ് വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടിക്കു പിന്നാലെയായിരുന്നു ഈ വിമര്‍ശനം. ദി അറ്റ്ലാന്റിക്, വാനിറ്റി ഫെയർ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ഷ്ലോസ്ബെര്‍ഗ് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 

ഡിസൈനറായ എഡ്വിൻ ഷ്ലോസ്ബെർഗിന്റെയും നയതന്ത്രജ്ഞ കരോലിൻ കെന്നഡിയുടെയും മകളാണ് ഷ്ലോസ്ബെര്‍ഗ്. ഡോക്ടര്‍ ജോര്‍ജ് മോറനാണ് ഭർത്താവ്, ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. 

ENGLISH SUMMARY:

Tatiana Schlossberg death is a recent event that shocked many. The granddaughter of John F. Kennedy and environmental journalist passed away at the age of 35 after battling cancer.