Image Credit: X/SumitHansd
ബംഗ്ലാദേശിലെ രാജ്ബാരിയിലെ പങ്ഷയില്‍ ആള്‍ക്കൂട്ടം ഹിന്ദുയുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു. സാമ്രാട്ട് എന്ന അമൃത് മൊണ്ടാല്‍ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭീഷണിപ്പെടുത്തി പണം തട്ടിയതിനായിരുന്നു കൊലപാതമെന്ന് നാട്ടുകാര്‍ ബംഗ്ലാദേശി മാധ്യമമായ 'ദി ഡെയ്‌ലി സ്റ്റാറിനോട്' പറഞ്ഞു.
തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂർ അകലെയുള്ള രാജ്ബാരിയിലാണ് സംഭവം. കൊള്ളയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമൃത് മൊണ്ടാലെന്ന് നാട്ടുകാര്‍ പറഞ്ഞു. 'സാമ്രാട്ട് വാഹിനി' എന്ന ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്നു ഇയാള്‍. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ഇയാളും രാജ്യം വിട്ടിരുന്നു.
ഈയിടെ ഇയാള്‍ ഹൊസെൻദംഗയിലെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെ അമൃതും സംഘവും നാട്ടുകാരനായ ഷാഹിദുൽ ഇസ്‍ലാമിന്റെ വീട്ടിലേക്ക് എത്തുകയും പണം തട്ടാന്‍ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടികയും തല്ലിക്കൊല്ലുകയുമായിരുന്നു. കഴിഞ്ഞ ദിവസം ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിരുന്നു.
അതേസമയം, രാജ്യത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ആവശ്യപ്പെട്ടു. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ധാക്കയിൽ എത്തിയത്. പാർട്ടി അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും വിശ്വാസത്തിനും അതീതമായി എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്ന ഇടമായി ബംഗ്ലാദേശിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.