ലോകജനസംഖ്യയില്‍ മുന്നില്‍ നിന്ന ചൈനയിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുത്തനെ ഇടിയുന്ന ജനനനിരക്കാണ്.ജനസംഖ്യാ ഉയര്‍ന്നു നിന്ന കാലമത്രയും ജനനനിയന്ത്രണത്തിനായുള്ള നടപടികള്‍ സ്വീകരിച്ച ചൈന ഇപ്പോള്‍ വിപരീത വഴികളിലൂടെ സഞ്ചരിക്കുകയാണ്.
ജനന നിരക്ക് ഉയര്‍ത്തുന്നതിനായി ‘നികുതി’യെയാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നികുതിയിളവ് പിന്‍വലിച്ചു. കോണ്ടം, ഗർഭനിരോധന ഗുളികകൾ ഉൾപ്പെടെയുള്ളവയ്ക്ക് 13ശതമാനം മൂല്യവർദ്ധിത നികുതി അഥവാ (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. 2026 ജനുവരി 1 മുതൽ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരും.
1993-ൽ ചൈനയിൽ വാറ്റ് നികുതി സമ്പ്രദായം നടപ്പിലാക്കിയത് മുതൽ കോണ്ടം, ഗർഭനിരോധന ഗുളികകൾ തുടങ്ങിയവയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അക്കാലത്ത് വര്‍ധിച്ചു വരുന്ന ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ അതല്ല സാഹചര്യം. തുടർച്ചയായ മൂന്നാം വർഷവും ചൈനയിലെ ജനസംഖ്യ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2024-ലെ കണക്കനുസരിച്ച് ജനനനിരക്ക് 1,000 പേർക്ക് 6.77 എന്ന ഏറ്റവും താഴ്ന്ന നിലയിലാണ്.
ഈ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ ചൈനയുടെ പുതിയ നീക്കം. ഇതിനുപുറമെ വിവാഹ സേവനങ്ങൾക്കും ശിശുപരിചരണത്തിനും പുതിയ നിയമത്തിൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളെ വളർത്തുന്നതിനായി വലിയ സാമ്പത്തിക സഹായ പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
മുന്‍ കാലങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ ചൈനയില്‍ ‘ഒറ്റക്കുട്ടി നയം’ നടപ്പാക്കിയിരുന്നു. നയം നടപ്പാക്കാത്ത സാഹചര്യത്തില്‍ പിഴയും ചില സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വരെ നടത്തിയിരുന്നു. എന്നാല്‍ 2015 മുതല്‍ രണ്ട് കുട്ടികള്‍ വരെയാകാമെന്നും 2021ല്‍ മൂന്ന് കുട്ടികള്‍ വരെയാകാമെന്നം നിയമം വന്നു.ഐ.വി.എഫ് (IVF) ചികിത്സയ്ക്ക് സബ്‌സിഡി നൽകി. വിവാഹം കഴിക്കുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധി കൂടുതൽ നൽകി. ശിശുപരിചരണത്തിനായി 90 ബില്യൺ യുവാൻ വകയിരുത്തി.എന്നിട്ടും ജനന നിരക്ക് ഉയര്‍ത്താന്‍ ചൈനയ്ക്കായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ ചൈനയിൽ 9.5 ദശലക്ഷം കുട്ടികൾ മാത്രമാണ് ജനിച്ചത്, ഇത് 2019-ൽ പിറന്ന കുട്ടികളുടെ എണ്ണമായ 14.7 ദശലക്ഷത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറവാണ്. കൂടാതെ, മരണസംഖ്യ ജനനനിരക്കിനെ മറികടക്കാൻ തുടങ്ങിയതോടെ, 2023-ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി.
ജനസംഖ്യാ തകർച്ചയെ മറികടക്കാനുള്ള ഒരു “പ്രോത്സാഹന” മാർഗ്ഗമായിട്ടാണ് സർക്കാർ ഇപ്പോള്‍ ഈ നികുതിയെ കാണുന്നത്.എന്നാല്‍ ഈ നടപടി പൊതുജനാരോഗ്യ വിദഗ്ധർക്കിടയിലും സാധാരണക്കാർക്കിടയിലും വലിയ ആശങ്കകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.സോഷ്യല്‍ മീഡിയകളിലും കടുത്ത വിമര്‍ശനമാണ് പദ്ധതിക്കെതിരെ ഉയരുന്നത്. നികുതി നൽകിയാലും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് ഒരു കുട്ടിയെ വളർത്തുന്നതിനേക്കാൾ സാമ്പത്തികമായി ലാഭമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ജനങ്ങളുടെ പ്രതികരണം.ഈ നീക്കത്തെ മുൻകാല നയങ്ങളുമായുള്ള താരതമ്യം ചെയ്തും വിമർശനമുയരുന്നുണ്ട്. കൂടാതെ ലൈംഗിക രോഗങ്ങള്‍ വര്‍ധിക്കുന്നതിനും ഈ നീക്കം കാരണമായേക്കാമെന്നും വിമര്‍ശനങ്ങളുണ്ട്.
ഇതിന് പുറമേ ചിലയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീകളെ ഫോണിൽ വിളിച്ച് ആർത്തവചക്രത്തെക്കുറിച്ചും ഗർഭധാരണ പദ്ധതികളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അവസാന ആർത്തവ തീയതി ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗർഭിണികളെ തിരിച്ചറിയാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സ്ത്രീകൾ പരാതിപ്പെടുന്നു.
വിവാഹം കഴിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ് ചൈന നേരിടുന്ന പ്രധാന വെല്ലുവിളി.ജീവിതച്ചെലവ് വർദ്ധിച്ചതും സാമ്പത്തിക അനിശ്ചിതത്വവും കാരണം യുവാക്കൾ വിവാഹത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നുനിൽക്കുകയാണ്. കഴിഞ്ഞ വർഷം വിവാഹ നിരക്കിൽ അഞ്ചിലൊന്ന് കുറവാണ് രേഖപ്പെടുത്തിയത്. ഏതായാലും എന്നാൽ ഈ നികുതി വർദ്ധനവ് വഴി ജനനനിരക്കിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കുന്ന ഒരു 'പ്രതീകാത്മക നീക്കം' മാത്രമായാണ്’ അവർ നോക്കിക്കാണുന്നത്.
ഏതായാലും യുവതലമുറയിലെ മാറുന്ന കാഴ്ചപ്പാടുകളെയും താല്‍പര്യങ്ങളെയും ഉയരുന്ന സാമ്പത്തിക പ്രതിസന്ധിയെയും മറികടക്കാന്‍ സര്‍ക്കാരിന്‍റെ ഇത്തരം നയങ്ങള്‍ക്കാകുമോ എന്ന് കാത്തിരുന്ന് കാണാം