ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട് അമേരിക്ക. ഡോണള്‍ഡ് ട്രംപും എപ്സ്റ്റീനുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ ഒഴിവാക്കിയുള്ള ഫയലുകളാണ് പുറത്തുവന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ബില്‍ ക്ലിന്റണും മൈക്കിള്‍ ജാക്സണും അടുപ്പക്കാരുടെ പട്ടികയിലുണ്ട്

അന്തരിച്ച കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകളാണ്  യുഎസ് നീതിന്യായ വകുപ്പ്  പുറത്തുവിട്ടത്. മുൻപ് പലപ്പോഴായി പുറത്തുവന്ന എപ്സ്റ്റീൻ രേഖകളിൽ ട്രംപുമായുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെട്ടിരുന്നു.  എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ ട്രംപിന്റെ പേരുണ്ടായിരുന്നു. രേഖകൾ പുറത്തുവിടാതിരിക്കാൻ മാസങ്ങളായി ട്രംപ് ശ്രമം നടത്തിയിരുന്നെങ്കിലും, എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വെളിപ്പെടുത്തണമെന്ന് നിർദേശിച്ച്   യുഎസ് കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തീരുമാനം പാസാക്കിയതോടെ മറ്റുവഴിയില്ലാതായി. എന്നാല്‍ പുറത്തുവന്ന പുതിയ രേഖകളില്‍  ട്രംപിന്റെ അഭാവം ശ്രദ്ധേയമാണ്.  മുന്‍പ് ലൈംഗീകാരോപണം നേരിട്ട ഡെമോക്രാറ്റിക് പ്രസിഡന്റ് ബില്‍ ക്ലിന്റണും മൈക്കള്‍ ജാക്സണും ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രുമായും  എപ്സ്റ്റീന്റെ അടുപ്പം സൂചിപ്പിക്കുന്ന വിവരങ്ങളുണ്ട്. വിവാദത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിന് രാജകീയ പദവികള്‍ നഷ്ടമായിരുന്നു.  2019-ൽ ജയിലിൽവച്ചാണ് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തത്.  ഫയലുകളിൽ പലതും വലിയ തോതിൽ എഡിറ്റ് ചെയ്ത് വിവരങ്ങൾ മറച്ചിട്ടുണ്ട്.  

ENGLISH SUMMARY:

Jeffrey Epstein documents related to the deceased sex offender were released by the US. These files detail connections to figures like Bill Clinton and Michael Jackson, but conspicuously lack information regarding Donald Trump.