TOPICS COVERED

ക്വീന്‍സ്‌ലന്റില്‍ ഓസ്ട്രേലിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2018ല്‍ നടന്ന കൊലപാതകത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. നഴ്സ് ആയി ജോലി ചെയ്തിരുന്ന രാജ്‌വീന്ദര്‍ സിങ് ആണ് കൊലയാളി.

2018,ഒക്ടോബര്‍ 22നാണ് ടോയാ കോര്‍ഡിങ്‌ലെയെന്ന യുവതിയുടെ മൃതദേഹം വാങ്‌ഹെട്ടി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്ത് പാതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അതേ ദിവസം ഭാര്യയുമായി വഴക്കിട്ട രാജ്‌വീന്ദര്‍ ഒരു കറിക്കത്തിയും പഴങ്ങളുമായി ബീച്ചിലെത്തിയിരുന്നു. ഫാര്‍മസി ജീവനക്കാരിയായ കോര്‍ഡിങ്‌ലെ ആ സമയം അതുവഴി തന്റെ വളര്‍ത്തുനായയ്ക്കൊപ്പം നടക്കാനെത്തി. രാജ്‌വിന്ദറിനെ കണ്ടതോടെ നായ കുരയ്ക്കാനാരംഭിച്ചതോടെ യുവതിയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. 

രോഷം പൂണ്ട രാജ്‌വിന്ദര്‍ കറിക്കത്തിയെടുത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹത്തിന്റെ പാതിഭാഗം മണലില്‍ കുഴിച്ചിടുകയും ചെയ്തു. യുവതിയുടെ നായയെ പിടിച്ച് സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. 

കൊലപാതകം നടത്തിയ ശേഷം ഭാര്യയേയും മക്കളേയും ഗൗനിക്കാതെ ഇയാള്‍ ഒസ്ട്രേലിയ വിട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നാലുവര്‍ഷം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല നടന്ന് മൂന്നാഴ്ച്ചക്കുള്ളില്‍ തന്നെ പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 

തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരം തരുന്നവര്‍ക്ക്  ക്വീന്‍സ്‌ലന്റ് പൊലീസ് ഒരു മില്യണ്‍ ഒസ്ട്രേലിയന്‍ ഡോളര്‍വരെ പാരിതോഷികമായി പ്രഖ്യാപിച്ചു. കൊലപാതകശേഷം ഡല്‍ഹിയിലേക്ക് കടന്ന സിങ്ങിനെ 2022ല്‍ ഗുരുദ്വാരയില്‍ വച്ച് ഡല്‍ഹി പൊലീസാണ് പിടികൂടി ഒസ്ട്രേലിയയ്ക്ക് കൈമാറിയത്. തുടര്‍ന്ന് രണ്ടു വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 

കേയണ്‍സിലെ സുപ്രീംകോടതി വിധികേള്‍ക്കാന്‍ യുവതിയുടെ കുടുംബമെത്തിയിരുന്നു. വിധി കേട്ട ശേഷം യുവതിയുടെ പിതാവ് പ്രതിയ്ക്കു നേരെ തെറിയഭിഷേകം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വളരെ ശാന്തനായാണ് സിങ് കോടതിവിധി കേട്ടത്. 

ENGLISH SUMMARY:

Australian Murder Case: An Indian-origin man has been found guilty in the murder of an Australian woman in Queensland. The court verdict comes after a lengthy trial regarding the 2018 killing.