പൊതുശത്രുവായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഹമാസിനെ നിരോധിക്കണമെന്ന് മുന്‍പും ഇസ്രായേൽ പ്രതിരോധ സേന ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബയുമായും ഇറാനിയൻ പ്രോക്സികളുമായുമുള്ള ഹമാസിന്റെ വളർന്നുവരുന്ന ബന്ധം ഇന്ത്യക്കും ഇസ്രായേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
വിദേശകാര്യ ഉദ്യോഗസ്ഥന്‍ ജറുസലേമില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയെ പരാമര്‍ശിച്ച് സംസാരിച്ചത്. ‘ഹമാസ് പോലുള്ള സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനും ഭീകരസംഘടനകളായി പ്രഖ്യാപിക്കാനും ഇന്ത്യ പ്രയത്നിക്കണം, കുറച്ച് വർഷങ്ങൾക്ക് മുൻപ് ലഷ്കറെ തയിബയെ ഇസ്രായേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യയിൽ നിന്നും സമാനമായ ഒരു നടപടി ഞങ്ങൾ പ്രതീക്ഷിക്കുന്നു’, ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ ലഷ്കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
ഇന്ത്യ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ അത് നല്ല നീക്കമായിരിക്കുമെന്നും നമ്മള്‍ ആരെയാണ് നേരിടുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാവണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിന്റെ ഒരു പ്രവര്‍ത്തകനും ഇന്ത്യന്‍ മണ്ണില്‍ കാല്‍ കുത്താതിരിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
ഹമാസും ലഷ്കറെ തയിബയും തമ്മില്‍ ബന്ധമുണ്ട്. ഹമാസും ഹിസ്ബുള്ളയും ഭീകരാക്രമണങ്ങൾ നടത്താൻ അന്താരാഷ്ട്ര ക്രിമിനൽ പ്രോക്സികളെ ഉപയോഗിക്കുന്നുണ്ട്. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് നൽകുന്ന പിന്തുണയും ധനസഹായവും ഇന്ത്യൻ സർക്കാർ നിർത്തണമെന്നും ഇസ്രയേൽ അഭ്യർത്ഥിച്ചു. 2024-2025 വർഷത്തിൽ ന്യൂഡൽഹി 5 മില്യൺ ഡോളർ ഈ യുഎൻ ഏജൻസിക്ക് സംഭാവന നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് ഭീകരരെ വളര്‍ത്താനും ദുരുപയോഗം ചെയ്യാനും ഏജന്‍സി അനുമതി ശ്രമിക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു.