ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പടിഞ്ഞാറന്‍ ഏഷ്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കാനായി ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ മോദി അപലപിച്ചു. ഈദ് ആശംസകള്‍ നേര്‍ന്ന മോദി, ആഘോഷ വേളയില്‍ മേഖലയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
ഹോർമുസിൽ കപ്പല്‍പാത സുരക്ഷിതമാക്കേണ്ടതിന്‍റെ ആവശ്യകതയും മോദി എടുത്തുപറഞ്ഞു. മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. മേഖലയിൽ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചതായി മോദി എക്സ് പോസ്റ്റിൽ കുറിച്ചു.
അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പൽ ഗതാഗത പാതകൾ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇറാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇറാൻ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. നേരത്തെ, മാർച്ച് 12 ന് മോദി പെസഷ്കിയനുമായി സംസാരിക്കുകയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയയിലേക്ക് ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചു. സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ഇറാൻ ആക്രമിക്കുന്നത്. രണ്ട് മിസൈലുകളാണ് ഡീഗോ ഗാർസിയയിലെ യു.എസ്- യു.കെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിക്ഷേപിച്ചത്. ഒരു മിസൈൽ പറക്കുന്നതിനിടെ തകർന്നു. മറ്റൊന്നിനു നേരെ യുഎസ് യുദ്ധക്കപ്പലിൽ നിന്നും SM-3 ഇൻ്റർസെപ്റ്റർ പ്രയോഗിച്ചു.