ബഹിരാകാശത്തു നിന്നു ചന്ദ്രനെ നോക്കിയാല്‍ എങ്ങനെയിരിക്കും? ആ വിസ്മയ കാഴ്ചകളാണ് ഇറ്റാലിയന്‍ കലാകാരന്‍മാര്‍ സൗദി തലസ്ഥാനമായ റിയാദില്‍ ഒരുക്കിയ 'ലൂണ സോമീനിയം'. ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ 'നൂര്‍ റിയാദി'ന്റെ ഭാഗമായാണ് ചന്ദ്രന്റെ ഭാവഭേദങ്ങള്‍ അടുത്തറിയാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.
റിയാദ് നാഷനല്‍ മ്യൂസിയം ഗ്രൗണ്ടില്‍ നൂര്‍ റിയാദ് ഫെസ്റ്റിന്റെ ഭാഗമായാണ് ചന്ദ്രന്റെ കാഴ്ചകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാസൃഷ്ടി. വളഞ്ഞ സ്‌ക്രീനില്‍ പ്രകാശം വന്യസിപ്പിച്ച് 18 മീറ്റര്‍ വ്യാസമുള്ള ഗോളം 360 ഡിഗ്രിയില്‍ ചലിക്കുന്ന രീതിയാണ് കൂറ്റന്‍ ചന്ദ്രന്‍ ക്രമീകരിച്ചിട്ടുളളത്. നീരാവി ഘടനകള്‍, ചക്രവാളങ്ങള്‍, സ്പന്ദനങ്ങള്‍ തുടങ്ങി ഗവേഷകര്‍ കണ്ടെത്തിയ ചന്ദ്രന്റെ ഡാറ്റകള്‍ വിശകലനം ചെയ്താണ് ഇറ്റാലിയന്‍ കലാകാരന്‍മാരുടെ കൂട്ടായ്മയായ 'ഫ്യൂസ്' ചന്ദ്രനെ പുനരാവിഷ്‌കരിച്ചത്. ലൈറ്റ് ആര്‍ട്ട് കലാകാരന്‍മാരായ മറ്റിയ കാരേത്തി, ലൂക്ക കമേലിനി എന്നിവരുടെ നേതൃത്വത്തിലാണ് 'ലൂണ സോമീനിയം' പൂര്‍ത്തിയാക്കിയത്.ശാസ്ത്ര നിരീക്ഷണങ്ങളെ വൈകാരിക അനുരണനമാക്കി മാറ്റുകയാണ് 'ലൂണ സോമീനിയം'. മാത്രമല്ല, സന്ദര്‍ശകരെ ഭൂമിക്കു പുറത്തുളള നിഗൂഢതകളും ചന്ദ്രനിലെ അനുഭവങ്ങളും അടുത്തറിയാന്‍ കലാസൃഷ്ടി സഹായിക്കും. ഡിസംബര്‍ ആറു വരെ നൂര്‍ റിയാദ് ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും. ഫെസ്റ്റിന്റെ ഭാഗമായി തലസ്ഥാന നഗരിയിലെ 24 ഇടങ്ങളില്‍ വിവിധ ലൈറ്റ് ആര്‍ട്ട് കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്.