യുഎസ്  പ്രസിഡന്റ് ഡോണല്‍ഡ് ട്രംപുമായുള്ള സൗഹൃദ സംഭാഷണത്തിനു ശേഷവും തന്റെ നിലപാടില്‍ ഉറച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി. ട്രംപ് ഒരു ഫാസിസ്റ്റും സ്വേച്ഛാധിപതിയും തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് മംദാനി. വെള്ളിയാഴ്ച്ച വൈറ്റ്ഹൗസില്‍ വച്ചുനടന്ന ആദ്യകൂടിക്കാഴ്ച്ച സൗഹാര്‍ദപരമായിരുന്നു. മംദാനി ഒരു മികച്ച മേയറെന്ന് ഉള്‍പ്പെടെ ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു കൂടിക്കാഴ്ച്ചയും വിശേഷണങ്ങളും തന്റെ നിലപാടിനെ മാറ്റില്ലെന്ന് വ്യക്തമാക്കുകയാണ് മംദാനി. 

ശനിയാഴ്ച എന്‍ബിസി ന്യൂസിന്റെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് മംദാനി വ്യക്തമാക്കിയത്. വൈറ്റ്ഹൗസിലെ ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് മേയറും പ്രതികരിച്ചു. ട്രംപും മംദാനിയും തമ്മില്‍ കടുത്ത വിമര്‍ശനങ്ങളാണ് പ്രചാരണകാലത്തു നടന്നത്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ട മേയറുമായി ട്രംപ് ചര്‍ച്ച നടത്തിയത്. പുതിയ മേയര്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് ട്രംപും ക്രിയാത്മകമായ ചര്‍ച്ചയെന്ന് മംദാനിയും അന്ന് പ്രതികരിച്ചിരുന്നു. അതേസമയം ട്രംപ് എന്ന ഭരണാധികാരിയെക്കുറിച്ചുള്ള വാക്കുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നാണ് മംദാനി പറയുന്നത്. 

‘ഞാന്‍ മുന്‍പ് ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു, വിയോജിപ്പുകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നില്ല, വാദിക്കാനോ പ്രതിഷേധിക്കാനോ ആയിരുന്നില്ല ഓവല്‍ ഓഫീസിലെത്തിയത്, ന്യൂയോര്‍ക്ക് ജനതയ്ക്കു വേണ്ടി സംസാരിക്കാനായിരുന്നു’–മംദാനി പറയുന്നു. കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നായിരുന്നു ട്രംപ് മുന്‍പ് പ്രചാരണകാലത്ത് മംദാനിയെ വിശേഷിപ്പിച്ചിരുന്നത്. മംദാനി ജയിച്ചാല്‍ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ന്യൂയോര്‍ക്കിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Donald Trump is still being criticised by Mayor Sohran Mamdani, who insists that the President is still a fascist and an autocrat. Despite a friendly meeting at the White House, Mamdani stands firm on his views and continues to criticize Trump's policies.