Image: AFP, Reuters

TOPICS COVERED

 ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടെയിലുള്ള വ്യാപാരബന്ധത്തിനും ചരക്കുനീക്കത്തിനും തടസമായി പാക്കിസ്ഥാന്‍. വ്യാപാരബന്ധത്തിനായി പുതിയ വഴി തേടുകയാണ് അഫ്ഗാന്‍. അതിനായി ഇറാനെ കൂട്ട് പിടിക്കുകയാണ് ഇരുരാജ്യങ്ങളും. ഇറാനിലെ ചാബഹാർ തുറമുഖം കൂടുതല്‍ പ്രയോജനപ്പെടുത്തി സമുദ്രമാര്‍ഗമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്ന് ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഫ്ഗാൻ വ്യാപാര മന്ത്രി നൂറുദ്ദീൻ അസീസിയാണ് പ്രഖ്യാപിച്ചത്.

രണ്ട് പ്രത്യേക ചരക്ക് വിമാന റൂട്ടുകള്‍കൂടി പ്രഖ്യാപിച്ച് ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുവഴി നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ചരക്കുനീക്കം സുഗമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്ലാമാബാദുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിക്കാനുള്ള നീക്കങ്ങളാണ് കാബൂള്‍ നടത്തുന്നത്. ഡൽഹിയിൽ നിന്നും അമൃത്സറിൽ നിന്നും കാബൂളിലേക്ക് ചരക്ക് വിമാന റൂട്ടുകള്‍ ആരംഭിക്കാനാണ് നീക്കം. ഡൽഹിയിലും കാബൂളിലും പ്രത്യേക വാണിജ്യ അറ്റാഷെമാരെയും നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് വ്യക്തമാക്കി. ഒരു ബില്യണ്‍ ഡോളറിലധികം വരുന്നതാണ് നിലവിലെ ഇന്ത്യ–അഫ്ഗാന്‍ ഉഭയകക്ഷി വ്യാപാരം. നിയമപരമായി അതിര്‍ത്തി പങ്കിടുന്ന അയല്‍ക്കാരാണ് ഇന്ത്യയും പാക്കിസ്ഥാനും. എന്നാല്‍ ജമ്മു കാശ്മീരിന്‍റെ അവഭാജ്യ ഭാഗമായ ഗില്‍ഗിത്–ബാല്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയിരിക്കുന്നതിനാല്‍ ഈ വഴിയുള്ള ചരക്കുനീക്കം നടക്കില്ല. അതുകൊണ്ടാണ് ബദല്‍മാര്‍ഗം തേടാന്‍ അഫ്ഗാനും ഇന്ത്യയും തീരുമാനിച്ചത്. പാക്കിസ്ഥാനെ പൂര്‍ണമായും ഒഴിവാക്കാനാണ് ഇരുരാജ്യങ്ങളുടേയും തീരുമാനം.

ENGLISH SUMMARY:

India-Afghanistan trade seeks alternative routes due to Pakistani obstacles. Both countries are exploring enhanced trade through Iran's Chabahar port and establishing new cargo routes.