സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് 180 ദിവസത്തെ താല്‍ക്കാലിക വിരാമമിട്ടതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിച്ച് സിറിയന്‍ പ്രസിഡന്റ് അല്‍–ഷറാ. കൂടിക്കാഴ്ച്ചക്കിടെയുള്ള ഒരു ഷോര്‍ട്ട് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അല്‍–ഷറായ്ക്ക് ഒരു പെര്‍ഫ്യൂം കുപ്പി സമ്മാനിച്ചുകൊണ്ട് ട്രംപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയിലും ചിരി പടര്‍ത്തുന്നത്.
‘ഇതാണ് ഏറ്റവും മികച്ച സുഗന്ധം, ഇത് നിങ്ങള്‍ക്കും മറ്റൊന്ന് ഭാര്യയ്ക്കും നല്‍കുക, എത്ര ഭാര്യമാരുണ്ട്’ എന്നായിരുന്നു അല്‍–ഷറായോട് ട്രംപിന്‍റെ ചോദ്യം. ഒരു ഭാര്യയെന്ന ഷറായുടെ മറുപടി കേട്ട് സമീപത്തുനിന്നവരെല്ലാം ചിരിക്കുന്നതും അതൊന്നും പറയാന്‍ പറ്റില്ലല്ലോയെന്ന് ട്രംപ് തിരിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കാലത്ത് ചിന്തിക്കാന്‍ പോലും പറ്റാത്തൊരു കൂടിക്കാഴ്ചയാണ് ഇപ്പോള‍്‍ സംഭവിച്ചിരിക്കുന്നത്.
സന്ദർശന വേളയിൽ പുരാതന സിറിയൻ പുരാവസ്തുക്കളുടെ പ്രതീകാത്മക സമ്മാനങ്ങളും അല്‍–ഷറാ ട്രംപിനു നല്‍കിയിട്ടുണ്ട്. ആദ്യത്തെ അക്ഷരമാല, ആദ്യത്തെ സ്റ്റാംപ്, സംഗീതക്കുറിപ്പ്, ആദ്യത്തെ കസ്റ്റംസ് താരിഫ് എന്നിവയും ഇതില്‍പ്പെടുന്നുണ്ട്. മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ചാണ് 43കാരനായ അല്‍–ഷറാ അധികാരം പിടിച്ചെടുത്തത്.
അസദിന്‍റെ സർക്കാർ സിറിയക്ക് മേൽ ചുമത്തിയ ഉപരോധങ്ങൾ സ്ഥിരമായി നീക്കം ചെയ്യുക എന്നതാണ് അൽ-ഷറായുടെ പ്രധാന ആവശ്യം. സീസർ ആക്റ്റ് പ്രകാരമുള്ള അസദിന്‍റെ ഉപരോധങ്ങൾ പ്രസിഡന്‍റ് ട്രംപ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇവ സ്ഥിരമായി റദ്ദാക്കണമെങ്കിൽ അമേരിക്കൻ കോൺഗ്രസ് നിയമം പാസാക്കേണ്ടതുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ക്കു കൂടിയാണ് അല്‍–ഷറാ ട്രംപിനെ സന്ദര്‍ശിച്ചത്.