നന്‍കാന സാഹിബിലേക്ക് പോയ തീര്‍ഥാടക സംഘത്തിലെ 14 ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ച് പാകിസ്ഥാൻ. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാമത് ജന്മവാർഷികം ആഘോഷിക്കാൻ പോയവര്‍ക്കാണ് ദുരനുഭവം. ഇവര്‍ക്ക് ആദ്യം പ്രവേശനം അനുവദിക്കുകയും പിന്നീട് ഹിന്ദുക്കളാണെന്നും സിഖുകാരല്ലെന്നും ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥർ തരിച്ചയയ്ക്കുകയുമാണ് ഉണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാകിസ്ഥാൻ സന്ദർശിക്കാൻ അനുമതി നൽകിയ 2100 പേരുടെ സംഘത്തിലാണ് ഈ 14 പേരും ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഇസ്ലാമാബാദ് യാത്രാ രേഖകളും നല്‍കി. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇതാദ്യമായാണ് ഒരു സന്ദര്‍ശക സംഘം അതിര്‍ത്തികടക്കുന്നത്. ചൊവ്വാഴ്ച ഏകദേശം 1900 പേർ വാഗാ അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചു.
'നിങ്ങൾ ഹിന്ദുക്കളാണ്... സിഖ് ഭക്തർക്കൊപ്പം പോകാൻ കഴിയില്ല' എന്ന് 14 പേരോടും പാക് ഉദ്യാഗസ്ഥര്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഡൽഹിയിൽ നിന്നും ലഖ്‌നൗവിൽ നിന്നുമുള്ള ആളുകളെയാണ് തിരിച്ചത്. രേഖകളിൽ സിഖുകാരായി രേഖപ്പെടുത്തിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നായിരുന്നു പാക് ഉദ്യോഗസ്ഥരുടെ നിലപാട്.
ഇതുകൂടാതെ, സ്വതന്ത്രമായി വിസയ്ക്ക് അപേക്ഷിച്ച 300 പേരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയില്ലാത്തതിനാൽ അതിര്‍ത്തി കടക്കും മുന്‍പേ ഇന്ത്യന്‍ അധികൃതര്‍ തിരിച്ചയച്ചു. അകാൽ തഖ്ത് നേതാവ് ജിയാനി കുൽദീപ് സിംഗ് ഗാർഗജ്, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രതിനിധി ബിബി ഗുരീന്ദർ കൗർ, ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ രവീന്ദർ സിംഗ് സ്വീറ്റ എന്നിവരാണ് വാഗാ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയവരിൽ പ്രമുഖർ.