മലയാള നാടക പ്രസ്ഥാനത്തിന്റെ അവിസ്മരണീയമായ ചരിത്രം അരങ്ങിൽ അവതരിപ്പിച്ച 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' എന്ന പരിപാടി കഴിഞ്ഞ ദിവസം ദുബായിൽ അരങ്ങേറി. എക്കാലത്തെയും പ്രശസ്തമായ നാടക ഗാനങ്ങളിലൂടെയും രംഗങ്ങളിലൂടെയും മലയാള നാടക ചരിത്രം കോർത്തിണക്കി യു എ ഇ യിലെ ഒരു കൂട്ടം കലാകാരന്മാരാണ് ഇതിന് ദൃശ്യാവിഷ്കാരം നൽകിയത് . പരിപാടിയുടെ രചനയും സംവിധാനവും നിർവഹിച്ചത് മാധ്യമപ്രവർത്തകനായ ഷാബു കിളിത്തട്ടിലാണ്.
തമിഴ് സംഗീത നാടകങ്ങളിൽ നിന്നാണ് കേരളത്തിൽ നാടക പ്രസ്ഥാനങ്ങൾ പിറവികൊണ്ടതെന്ന ചരിത്ര സത്യം പുതുതലമുറയ്ക്ക് പകർന്നു നൽകാനാണ് സംവിധായകൻ ഈ പരിപാടിയിലൂടെ ശ്രമിച്ചത്. അതിനായി, മലയാളികൾ കാലാകാലങ്ങളായി നെഞ്ചിലേറ്റിയ ഒരുപിടി നല്ല നാടക ഗാനങ്ങളെ കോർത്തിണക്കിയുള്ള അവതരണ ശൈലിയാണ് സ്വീകരിച്ചത്.
വയലാർ, ഒ.എൻ.വി. കുറുപ്പ്, അർജുനൻ മാഷ് എന്നിവരുടെ രചനകളിലുള്ള ശ്രദ്ധേയമായ നാടക ഗാനങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. പ്രശസ്ത ഗായകരായ ശ്രീറാം, നാരായണി ഗോപൻ, ഹിതേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗാനങ്ങൾക്കൊപ്പം, ആ കാലഘട്ടത്തിലെ പ്രധാനപ്പെട്ട നാടക സമിതികളായ കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം തുടങ്ങിയവർ അവതരിപ്പിച്ച പ്രശസ്ത നാടകങ്ങളിലെ സുപ്രധാന രംഗങ്ങൾ പുനരാവിഷ്കരിച്ചത് പരിപാടിയെ കൂടുതൽ മിഴിവുറ്റതാക്കി. കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പ്രധാന രംഗങ്ങളും ഗാനങ്ങളും സദസ്സിനെ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി കെ.ടി. മുഹമ്മദ് രചിച്ച 'ഇത് ഭൂമിയാണ്' എന്ന നാടകത്തിന്റെ അവതരണം, നാടകങ്ങൾ സമൂഹത്തിൽ ചെലുത്തിയ നവോത്ഥാന പ്രവർത്തനങ്ങളുടെ ഉത്തമ ഉദാഹരണമായി. കൊല്ലം കാളിദാസ കലാ കേന്ദ്രം അവതരിപ്പിച്ച 'കരുണ' എന്ന നാടകത്തിലെ രംഗങ്ങൾ മനോഹര ദൃശ്യങ്ങളായി കാഴ്ചക്കാരിലെത്തി. ഒരു കാലത്ത് മലയാളികളുടെ നാടക പ്രേമത്തെ ഭ്രമിപ്പിച്ച കലാനിലയം സമിതിയുടെ 'രക്ത രക്ഷസ്സ്' എന്ന നാടകത്തിന്റെ അവതരണം പ്രവാസ ലോകത്തിന് ഒരു വേറിട്ട കാഴ്ചയായി.
ഒരേ വേദിയിൽ ഇത്രയധികം നാടകങ്ങൾക്കായി വളരെ വേഗത്തിൽ മിന്നിമറയുന്ന സെറ്റുകൾ ഒരുക്കിയ ശിൽപി നസീർ ഇബ്രാഹിമിന്റെ കരവിരുത് പ്രത്യേകം ശ്രദ്ധ നേടി. 40 വർഷത്തിലധികമായി മലയാള സംഗീത, നാടക രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്ന കല്ലറ ഗോപനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന് വേണ്ടി മകളും ഗായികയുമായ നാരായണി ഗോപൻ പ്രശംസാഫലകം ഏറ്റുവാങ്ങി. മൂന്ന് മാസക്കാലം 80-ഓളം കലാകാരന്മാർ നടത്തിയ നിരന്തരമായ പരിശീലനത്തിലൂടെ അരങ്ങേറിയ ഈ പരിപാടി പ്രവാസലോകത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.