nikki-son

TOPICS COVERED

യുഎസില്‍ കുടിയേറ്റത്തിനെതിരെ പ്രതിഷേധവും പ്രക്ഷോഭവും നടക്കുന്ന സമയമാണ്. വന്‍തോതില്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണങ്ങളും സര്‍ക്കാര്‍ നടപടികളും കൂടുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലേയുടെ മകൻ നലിൻ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. ഇതിനിടെ നലിന് ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകൻ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ലോകത്ത് വൈറലാകുകയാണ്. 

എച്ച്-1ബി വിസകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.   ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛൻ അജിത് രൺധാവ 1969-ൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി.

പഞ്ചാബിൽ നിന്നുള്ള നലിന്റെ മുത്തച്ഛൻ അജിത് സിങ് രൺധാവ 55 വർഷം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒരു മികച്ച അക്കാദമിക് ജീവിതം കെട്ടിപ്പടുത്ത രണ്‍ധാവ ബയോളജിയിൽ മാസ്റ്റർ ബിരുദം നേടുകയും പിന്നീട് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു. 1969-ൽ അദ്ദേഹം സൗത്ത് കരോലിനയിലേക്ക് മാറുകയും ബാംബെർഗിലെ വൂർഹീസ് കോളേജിൽ ഫാക്കൽറ്റി അംഗമായി ചേരുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ ആണ് രൺധാവ അന്തരിച്ചത്. 

മെഹ്ദി ഹസനും ഇന്ത്യന്‍ വേരുകളുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഹൈദരാബാദിൽ നിന്ന് യുകെയിലേക്ക് കുടിയേറിയവരാണ്. ഹസന്റെ മറുപടിയില്‍ പ്രകോപിതനായ നലിന്‍ ഈ രാജ്യത്തെ അത്രമാത്രം വെറുക്കുന്നുണ്ടെങ്കില്‍ ഹസന്റെ പൗരത്വം റദ്ദാക്കണമെന്നും പറഞ്ഞു. 

നിക്കി ഹാലേ–മൈക്കിൾ ഹാലേ ദമ്പതികളുടെ ഇളയ മകനാണ് നലിന്‍ ഹാലേ. ഐക്യരാഷ്ട്രസഭയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നിക്കി ഹാലേ പ്രവർത്തിച്ചിരുന്ന കാലത്ത് നലിന്‍ ന്യൂയോർക്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട്, കാത്തലിക് സ്ഥാപനമായ വില്ലേസർവ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2024-ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.

ENGLISH SUMMARY:

Immigration debate is fueled by Nalin Haley's call to end immigration due to economic concerns. This sparked controversy after a journalist highlighted his grandfather's immigration from India.