Image: US Army/AFP
ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാന് ജലലഭ്യതയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അഫ്ഗാന്റെ നീക്കം. രാജ്യത്തെ വിവരമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മന്ത്രാലയം പുറത്തുവിടുന്ന വിവരം അനുസരിച്ച് താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ കുനാര്‍ നദിയില്‍ ഉടന്‍ തന്നെ ഒരു ഡാം നിര്‍മിക്കും. താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്സാദയാണ് ഡാം നിര്‍മിക്കാനുള്ള ഉത്തരവ് നൽകിയത്. വിവര സഹമന്ത്രി മുഹാജിർ ഫറാഹിയാണ് ഇന്നലെ ഈ വിവരം എക്സിലൂടെ അറിയിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്. 480കിലോമീറ്റര്‍ നീളമുള്ള കുനാറിലാണ് ഡാം നിര്‍മിക്കുക.
കുനാർ നദി ഒഴുകിയെത്തുന്ന കാബൂൾ നദി, അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഇടയിലുള്ള ഏറ്റവും വലുതും ജലസമൃദ്ധവുമായ നദിയാണ്. കാബൂൾ നദി അറ്റോക്കിന് സമീപത്തുവച്ച് സിന്ധുനദിയിൽ ചേരുന്നു, ഇത് പാക്കിസ്ഥാന്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും നിർണ്ണായകമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ജലം പങ്കിടുന്നതിനുള്ള കരാറുകളൊന്നും നിലവിലില്ല.
ഇന്ത്യ–പാക് സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇന്ത്യ സ്വീകരിച്ച സമാനനിലപാടാണ് പാക്കിസ്ഥാനും കൈക്കൊള്ളുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിൽ പാക് ആക്രമണത്തില്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെത്തുടർന്നായിരുന്നു മൂന്ന് നദികളുടെ ജലം പങ്കിടുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നത്.