ട്രംപ്–പുടിന്‍ ബുഡാപെസ്റ്റ് കൂടിക്കാഴ്ച്ച റദ്ദാക്കി. കൂടിക്കാഴ്ച്ച ഭാവിയിലൊന്നും നടക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിനു പിന്നാലെ പാഴായ മീറ്റിങ് തനിക്കാവശ്യമില്ലെന്ന പ്രസ്താവനയുമായി ട്രംപും രംഗത്തെത്തി. യുദ്ധമുഖത്തുനിന്നും പിന്‍മാറാന്‍ മോസ്കോ തയ്യാറാകാത്തതാണ് കാരണമെന്നാണ് യുഎസ് നല്‍കുന്ന സൂചന. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തങ്ങളിരുവരും ബുഡാപെസ്റ്റില്‍ വച്ച് ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ പുടിന്റെ പിന്‍മാറ്റമാണ് ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം പോളണ്ടിന്റെ ഭീഷണിയാണ് ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ വ്ലാദിമിര്‍ പുടിനെതിരെ രാജ്യാന്തര അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് പോളണ്ട് പറഞ്ഞിരുന്നു. അതേസമയം, ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാമെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്ജ് ജോർജിയേവ് അറിയിച്ചിരുന്നു. മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള യാത്രാമധ്യേയാണ് പോളണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മില്‍ ഫോൺ സംഭാഷണം നടത്തിയെന്നും ഈ സംഭാഷണത്തിലാണ് കൂടിക്കാഴ്ച ഇനി ആവശ്യമില്ലെന്ന് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം സംബന്ധിച്ച് റഷ്യയ്ക്കുള്ള നിലപാടില്‍ മയം വരുത്താത്തതാണ് കാരണമെന്ന് യുഎസ് ആവര്‍ത്തിക്കുന്നു. മോസ്കോയ്ക്ക് ദീര്‍ഘകാല സമാധാനത്തിനാണ് താല്‍പര്യമെന്ന് റഷ്യന്‍ വക്താക്കള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കപ്പെടണമെന്നതാണ് റഷ്യയുടെ ആവശ്യം.