പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ഒട്ടും ബ്യൂട്ടിഫുള്‍ അല്ലെന്നാണ് അമേരിക്കന്‍ വിദ്യാര്‍ഥികളുടെ അനുഭവം. പുതിയ നിയമനിര്‍മാണത്തിന്‍റെ ഭാഗമായി നഴ്സിങ് അടക്കമുള്ള പല പ്രധാന ബിരുദങ്ങളെയും പ്രഫഷണല്‍ ബിരുദ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് വിദ്യാഭ്യാസമേഖലയില്‍ കടുത്ത ആശങ്കയാണുയര്‍ത്തുന്നത്. ലക്ഷണക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന നയത്തിനെതിരെ ആരോഗ്യരംഗത്തെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
എന്താണ് 'പ്രഫഷനൽ ഡിഗ്രി' വിഭാഗത്തില്‍ ട്രംപ് കൊണ്ടുവന്ന മാറ്റം?
ഫീസടക്കമുളള വിദ്യാഭ്യാസ ചിലവുകളാക്കായി പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ പര്യപ്തമായരീതിയിലാണ് അമേരിക്കയില്‍ വിദ്യാഭ്യാസ വകുപ്പ് നയങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നത്. പല കോഴ്സുകളെയും പ്രഫഷണല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും അതു മുന്നില്‍ കണ്ട് തന്നെ. ഈ പട്ടികയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. എം.ബി.ബി.എസ്, ബിഡിഎസ്, ഫാര്‍മസി, വെറ്ററിനറി, ക്ലിനിക്കൽ സൈക്കോളജി,നിയമം, ദൈവശാസ്ത്രം തുടങ്ങിയ കോഴ്സുകളെ പട്ടികയില്‍ നിലനിര്‍ത്തി. പക്ഷേ നഴ്സിങ്ങിനെ പ്രഫഷണല്‍ കോഴ്സുകളുടെ വിഭാഗത്തില്‍ നിന്ന് മാറ്റി. പബ്ലിക് ഹെൽത്ത്, അധ്യാപനം, സോഷ്യല്‍ വര്‍ക്ക്, ഫിസിഷ്യന്‍ അസിസ്റ്റന്‍റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ കോഴ്സുകളെയും നോണ്‍ പ്രഫഷണല്‍ വിഭാഗത്തിലേക്ക് മാറ്റി.
അമേരിക്കൻ നഴ്‌സസ് അസോസിയേഷന്‍റെ കണക്കുകള്‍ പ്രകാരം 2,60,000 വിദ്യാര്‍ഥികള്‍ നിലവില്‍ അമേരിക്കയില്‍ നഴ്സിങ് പഠിക്കുന്നുണ്ട്. പുതിയ തരംതിരിക്കല്‍ പ്രകാരം ഈ വിദ്യാര്‍ഥികളുടെ വായ്പാ പരിധി ഇനിമുതല്‍ കര്‍ശനമാകും. പ്രഫഷണല്‍ പട്ടികയിലുള്ള കോഴ്സുകള്‍ക്ക് ആകെ 2,00,000 ഡോളര്‍ വരെയും പ്രതിവര്‍ഷം 50,000 ഡോളര്‍വരെയും ഫെഡറല്‍ വായ്പ ലഭിക്കുമെങ്കില്‍ ഈ പട്ടികയില്‍ നിന്ന് ഒഴിവാകുമ്പോള്‍ പ്രതിവര്‍ഷ വായ്പാപരിധി 20,500 ഡോളറായും മൊത്തം ഫെഡറല്‍ വായ്പാപരിധി 1,00,000 ഡോളറായും ചുരുങ്ങും. ഉന്നത പഠനത്തിന് വരുന്ന തുക ഇതിലും വലുതായതിനാല്‍ ഈ മാറ്റം വിദ്യാര്‍ഥികള്‍ക്ക് കനത്ത പ്രഹരമാകും.
ട്രംപ് സര്‍ക്കാരിന്‍റെ പുതിയ നീക്കം രാജ്യത്തെ നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുമെന്നും രാജ്യവ്യാപകമായി ആരോഗ്യ സേവനങ്ങളെ ബാധിക്കുമെന്നും പലരും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നഴ്‌സിങ്ങിനെ ഒരു പ്രഫഷണൽ ബിരുദമായി ഉൾപ്പെടുത്താത്തത് രാജ്യത്തിന്‍റെ ഏറ്റവും വിശ്വസനീയമായ തൊഴിലിനെ അപമാനിക്കുന്നതാണെന്നും രാജ്യത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് അത് ഗുരുതരമായ പ്രഹരമാണെന്നും പ്രശസ്തമായ സര്‍വകലാശാലകളിലെ വിദഗ്ധര്‍ പറയുന്നു. നഴ്സിങ് രംഗത്തെ ഉന്നത പഠനമേഖലയിലായിരിക്കും പുതിയ തീരുമാനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുക. അമേരിക്കയിലെ ഡോക്ടര്‍മാര്‍ക്ക് തുല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സ് പ്രാക്ടീഷണർ, നഴ്സ് അനസ്തെറ്റിസ്റ്റ് എന്നിവരെല്ലാം ഈ പരിധിയില്‍ പെടുന്നവയാണ്. വായ്പകള്‍ വെട്ടിച്ചുരുങ്ങുന്നതോടെ അധികചെലവ് കാരണം പലരും പഠനം ഉപേക്ഷിക്കാനും ആരോഗ്യമേഖലയില്‍ കടുത്ത തൊഴില്‍ക്ഷാമത്തിന് ഇടയാക്കാനും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗ്രാജ്വേറ്റ് പ്രോഗ്രാമുകളുടെ പേരില്‍ സര്‍വകലാശാലകള്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളുടെ കടഭാരം ലഘൂകരിക്കുന്നതിനുമാണ് പുതിയ തീരുമാനം എന്നാണ് ട്രംപ് സര്‍ക്കാരിന്‍റെ വിശദീകരണം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രഫഷണൽ ബിരുദത്തിന്‍റെ നിർവചനവുമായി ഈ തീരുമാനം യോജിക്കുന്നു. നഴ്സിങ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നിലവിലെ വാർഷിക വായ്പ പരിധിക്ക് താഴെയാണ് കടമെടുക്കുന്നത് എന്നും അതിനാൽ പുതിയ നിയന്ത്രണങ്ങൾ അവരെ ബാധിക്കില്ല എന്നും വിദ്യാഭ്യാസ വകുപ്പ് വാദിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഫീസ് കുറയുന്നതിന് പകരം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന സാഹചര്യമാണ് തീരുമാനം ഉണ്ടാക്കുകയെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
‘വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലി'ന്‍റെ ഭാഗമായുള്ള ഈ മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്ക് ഒരുപക്ഷേ ഗുണം ചെയ്തേക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾ പൊതുവെ ഫെഡറൽ സ്റ്റുഡന്‍റ് ലോണുകൾക്ക് അര്‍ഹരല്ലെങ്കിലും ലോൺ പരിധി കുറയ്ക്കുന്നതിലൂടെ, നഴ്സിങ് പോലെയുള്ള കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന യു.എസ്. പൗരന്മാരായ വിദ്യാർത്ഥികൾക്ക് അത് തിരിച്ചടിയാകും. ഇതുമൂലം യുഎസില്‍ നഴ്സുമരുടെ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യമേഖലയിലുണ്ടാകുന്ന ഈ ഒഴിവുകൾ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ നഴ്സുമാര്‍ക്ക് കൂടുതൽ തൊഴിൽ അവസരങ്ങലുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ യൂണിവേഴ്സിറ്റികൾ അവരുടെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളുടെ ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തുകയോ പ്രോഗ്രാമുകൾ കുറയ്ക്കുകയോ ചെയ്താൽ, അത് മൊത്തത്തിലുള്ള പ്രവേശനത്തെ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.