പാകിസ്ഥാന്‍-താലിബാന്‍ സംഘര്‍ഷത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. പാകിസ്ഥാന്റെ ആരോപണം അടിസ്ഥാന രഹിതവും യുക്തിരഹിതമാണെന്ന് അഫ്ഗാന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
'പാകിസ്ഥാന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സ്വന്തം മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഞങ്ങളുടെ നയമല്ല. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും', അല്‍ ജസീറയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ മുഹമ്മദ് യാക്കൂബ് മുജാഹിദ് പറയുന്നു.
അഫ്ഗാനിസ്ഥാന്‍ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രമായിട്ടാണ് ബന്ധങ്ങള്‍ പുലര്‍ത്തുന്നത്. അഫ്ഗാന്‍റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അഫ്ഗാന്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അയല്‍രാജ്യങ്ങളാണെന്നു ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും മുഹമ്മദ് യാക്കൂബ് മുജാഹിദ് ചൂണ്ടിക്കാട്ടി.