റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന ഡോണള്‍ഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ. മോദിയും ട്രംപും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ കാര്യത്തില്‍ ട്രംപ് തീരുമാനമെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ വിമര്‍ശിച്ചതിനുപിന്നാലെയാണ് വിശദീകരണം.
റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു യു.എസ് പ്രസിഡന്‍റിന്‍റെ അവകാശവാദം. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് ഇന്ത്യയ്ക്ക് ഉടനടി നിര്‍ത്താന്‍ കഴിയില്ലെങ്കിലും അത് നടപ്പിലാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ട്രംപും മോദിയും തമ്മില്‍ പുതിയ ചര്‍ച്ചകൊളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന, ഇന്ത്യയുടെ നിലപാടുകൾ എല്ലാം ഇതിനെ അടിസ്ഥാനമാക്കിയാണ്. ഊർജ്ജ സഹകരണം ശക്തിപ്പെടുത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ചർച്ചകൾ തുടരുകയാണ് എന്നും വിദേശകാര്യമന്ത്രാലയം ഇന്ന് രാവിലെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്. ട്രംപിനെ എതിര്‍ക്കാന്‍ മോദിക്ക് ഭയമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ കൊണ്ട് രാജ്യത്തിന് നഷ്ടം മാത്രമെന്നും വിദേശനയം പൂർണ്ണ പരാജയം എന്നും കോൺഗ്രസ് വിമർശിച്ചു.