ഗാസയുടെ സമാധാനത്തിന് ഇസ്രയേലും ഹമാസും ഇന്ന് ഉടമ്പടി ഒപ്പിടും. ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപ് അടക്കം ഇരുപതോളം ലോക നേതാക്കള്‍ സാക്ഷികളാകും. ഉച്ചകോടിക്ക് മുന്‍പായി ഹമാസ് ബന്ദികളെ മോചിപ്പിക്കും.
ചെങ്കടല്‍ തീരത്തെ ഷാം എൽ ഷെയ്ഖ് റിസോര്‍ട്ട് നഗരത്തിലേക്കാണ് ലോകത്തിന്റെ കണ്ണുകള്‍. കാത്തിരുന്ന സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകുന്ന നിമിഷത്തിന് സാക്ഷികളാകാന്‍ ലോക നേതാക്കള്‍ ഈജിപ്തിലേക്ക് എത്തിത്തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സ് എന്നിവര്‍ പങ്കെടുക്കും.
വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. വൈറ്റ്ഹൗസില്‍ നിന്ന് ഇസ്രയേലിലെത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും ഈജിപ്തിലേക്കെത്തുന്നത്. നെതന്യാഹു നേരിട്ടെത്തില്ലെങ്കിലും പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അതിനിടെ, ഹമാസിന്റെ പിടിയില്‍ ബാക്കിയുള്ള ജീവിച്ചിരിക്കുന്ന 20ബന്ദികളെ ഒരുമിച്ച് റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇസ്രയേലിന് കൈമാറും. ആനുപാതികമായി പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഗാസയില്‍ സ്വതന്ത്ര ഭരണസമിതി, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയ നിര്‍ണായക വ്യവസ്ഥകളില്‍ ധാരണയായിട്ടില്ല. ഈ വ്യവസ്ഥകളില്‍ ഹമാസ് തുടര്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.