സൈമ സലീം, പർവതനേനി ഹരീഷ്
ഐക്യരാഷ്ട്രസഭയില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കത്തിക്കയറാന്‍ ശ്രമിച്ച പാക്കിസ്ഥാനെ ഒരേയൊരു ചോദ്യത്തിലൂടെ തളച്ച് ഇന്ത്യ. കശ്മീരി സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ചായിരുന്നു പാക്കിസ്ഥാന്‍ യുഎന്നില്‍ ഘോരഘോരം പ്രസംഗിക്കാന്‍ ശ്രമിച്ചത്. 1971ലെ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ വാദം. ഈ കാലത്ത് 400,000 സ്ത്രീകളെ വംശഹത്യാപരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിലുള്ള പാകിസ്ഥാന്‍റെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടി.
ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടത്തുന്ന വാചകക്കസര്‍ത്തിനെ അതിരൂക്ഷമായാണ് ഇന്ത്യന്‍ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിമര്‍ശിച്ചത്. സ്ത്രീ, സമാധാനം, സുരക്ഷാ അജണ്ട എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ മാതൃകാപരമാണെന്നും കളങ്കമില്ലാത്തതാണെന്നും പര്‍വതനേനി പറഞ്ഞു. സ്വന്തം ജനത്തിന്റെ തലയ്ക്കു മുകളില്‍ ബോംബിടുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന രാജ്യത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കി ലോകത്തെ വഴിതെറ്റിക്കാനേ സാധിക്കുള്ളൂവെന്നും ഇന്ത്യ പറയുന്നു.
1971ലെ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇന്ത്യയുടെ വിമര്‍ശനം. അന്ന് കിഴക്കൻ പാക്കിസ്ഥാനായിരുന്ന പ്രദേശത്ത് ബംഗാളികൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം ക്രൂരമായ അടിച്ചമർത്തൽ നടത്തി. ഈ സൈനിക നടപടിയിൽ ലക്ഷക്കണക്കിന് സ്ത്രീകളെ തടവിലാക്കുകയും ആവർത്തിച്ച് ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്തു. ‘ബംഗാളിന്റെ കശാപ്പുകാരൻ’ എന്ന വിളിപ്പേരുണ്ടായിരുന്ന പാക്കിസ്ഥാന്റെ കുപ്രസിദ്ധനായ സൈനിക കമാൻഡർ ജനറൽ ടിക്കാ ഖാന്റെ മേൽനോട്ടത്തിലായിരുന്നു ഈ ഓപ്പറേഷൻ നടന്നത്. ഈ സംഭവമാണ് യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ച ആയുധം. 1971-ലെ വിമോചന യുദ്ധകാലത്താണ് ഈ ക്രൂരതകൾ നടന്നത്. ഈ യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാൻ പരാജയം സമ്മതിക്കുകയും ധാക്കയിൽ നിരുപാധികം കീഴടങ്ങുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് രൂപീകൃതമായത്. ഈ ചരിത്രസംഭവങ്ങളെല്ലാം മറന്നുകൊണ്ടാണ് പാക്കിസ്ഥാന്റെ അവകാശവാദമെന്നും പർവതനേനി പറയുന്നു. കശ്മീരിലെ സ്ത്രീകൾ ദശാബ്ദങ്ങളായി ലൈംഗിക അതിക്രമങ്ങള്‍ സഹിക്കുകയാണെന്ന പാക് പ്രതിനിധി സൈമ സലീമിന്റെ പ്രസംഗത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഇന്ത്യ സംസാരിച്ചത്. പതിവുപോലെ തന്നെ പാക്കിസ്ഥാന്റെ വാദങ്ങള്‍ക്ക് ഒരു തെളിവോ അടിസ്ഥാനമോ ഉണ്ടായിരുന്നില്ലെന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.