AI Generated Image
അവധിക്കാലം ആഘോഷിക്കാന്‍ സിംഗപ്പൂരിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ ലൈംഗികത്തൊഴിലാളികളെ കൊള്ളയടിച്ചു. രണ്ടു പേര്‍ക്ക് തടവും ചാട്ടവാറടിയും ശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിനെന്ന പേരില്‍ രണ്ട് ഹോട്ടല്‍മുറികളിലെത്തിയ ശേഷമാണ് ഇവരുടെ പണം, ആഭരണങ്ങൾ, പാസ്‌പോർട്ടുകൾ, ഫോണുകൾ എന്നിവ മോഷ്ടിച്ചത്. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇരുവരെയും അഞ്ച് വർഷവും ഒരു മാസവും തടവിനും 12 ചാട്ടവാറടിക്കും ശിക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് യുവാക്കള്‍ കോടതിയില്‍ പറഞ്ഞു.
23കാരനായ അരോക്കിയസാമി ഡെയ്‌സണും 27കാരനായ രാജേന്ദ്രൻ മയിലരശനുമാണ് സ്ത്രീകളെ ഉപദ്രവിച്ച ശേഷം കൊള്ളയടിച്ചത്. അഞ്ച് വർഷവും ഒരു മാസവും തടവും 12 ചാട്ടവാറടിയുമാണ് ഇവര്‍ക്ക് ശിക്ഷയായി ലഭിച്ചത്. ഏപ്രില്‍ 24നാണ് അവധിക്കാലം ആഘോഷിക്കാനായി അരോക്കിയസാമിയും രാജേന്ദ്രനും സിംഗപ്പൂരെത്തിയത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലിറ്റില്‍ ഇന്ത്യയില്‍ നടക്കുന്നതിനിടെ യുവാക്കളെ ഒരു അപരിചിതന്‍ സമീപിച്ചു. ലൈംഗികാവശ്യത്തിനായി വേശ്യകളെ സമീപിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച ശേഷം ഇയാള്‍ യുവാക്കള്‍ക്ക് രണ്ട് സ്ത്രീകളുടെ ഫോൺ നമ്പറുകൾ നൽകി.
പണം ആവശ്യമാണെന്നും ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് അവരെ കൊള്ളയടിക്കാമെന്നും ഇരുവരും പദ്ധതിയിട്ടു. അന്നു വൈകിട്ട് ആറുമണിയോടെ ജലൻ ബസറിലെ ഹോട്ടൽ മുറിയിൽ വെച്ച് സ്ത്രീകളിൽ ഒരാളെ കാണാൻ ഇവര്‍ തീരുമാനിച്ചു. മുറിയിലെത്തിയ ശേഷം ഇവര്‍ യുവതിയുടെ കൈകാലുകള്‍ തുണി ഉപയോഗിച്ച് കെട്ടിയ ശേഷം മുഖത്ത് തുരുതുരാ അടിച്ചു. തുടർന്ന്, അവരുടെ ആഭരണങ്ങൾ, 2,000 ഡോളർ പണം, പാസ്‌പോർട്ട്, ബാങ്ക് കാർഡുകൾ എന്നിവ കവര്‍ന്നു.
അതേ ദിവസം രാത്രി 11 മണിയോടെ ഡെസ്‌കർ റോഡിലെ ഒരു ഹോട്ടലിൽ വെച്ച് മറ്റൊരു സ്ത്രീയെ സമീപിക്കാനും യുവാക്കള്‍ പ്ലാന്‍ ചെയ്തു. സമാനമായ രീതിയില്‍ തന്നെ ഈ യുവതിയേയും രാജേന്ദ്രനും അരോക്കിയസാമിയും ഉപദ്രവിച്ച ശേഷം കൊള്ളയടിച്ചു. തങ്ങള്‍ തിരികെ വരാമെന്നു പറഞ്ഞാണ് സാധനങ്ങളുമായി രണ്ട് പ്രതികളും കടന്നുകളഞ്ഞത്.
പിറ്റേ ദിവസം ഇവരിലൊരാള്‍ മറ്റൊരു പുരുഷനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പൊലീസില്‍ അറിയിച്ചതും കേസെടുത്തതും. ശിക്ഷാ ഇളവ് വേണമെന്നും സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിന് കാരണമെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
തന്റെ പിതാവ് കഴിഞ്ഞ വര്‍ഷം മരിച്ചെന്നും മൂന്ന് സഹോദരിമാരുണ്ടെന്നും പണമില്ലാത്തത് വലിയ പ്രശ്നമാണെന്നും അരോക്കിയസാമി പറഞ്ഞു. തന്റെ ഭാര്യയും കുട്ടിയും ഇന്ത്യയിൽ തനിച്ചാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും രാജേന്ദ്രന്‍ കോടതിയെ അറിയിച്ചു. കൊള്ളയടിക്കുന്നതിനിടെ സ്തീകളെ ശാരീരികമായി ഉപദ്രവിക്കുക കൂടി ചെയ്തതോടെയാണ് ഇരുവര്‍ക്കും തടവിനു പുറമേ ചാട്ടവാറടിയും ലഭിച്ചത്.