Image: Reuters, Representing Image
അഫ്ഗാനിസ്ഥാനില്‍ ഒരു കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ പൊതുമധ്യത്തില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. കുടുംബത്തില്‍ അവശേഷിച്ച 13കാരനാണ് കൊലയാളിയെ വെടിവച്ചുവീഴ്ത്തിയത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്തിലാണ് സംഭവം. താലിബാന്റെ നേതൃത്വത്തിലായിരുന്നു വധശിക്ഷ.
9 കുട്ടികളടക്കം 13പേരെ കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധി നടപ്പാക്കല്‍ ഖോസ്തിലെ സ്റ്റേഡിയത്തില്‍വച്ച് 80,000 ആളുകളെ സാക്ഷിയാക്കിയാണ് നടപ്പാക്കിയതെന്ന് അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ അഫ്ഗാന്‍ സുപ്രീംകോടതി ശിക്ഷിച്ച മംഗള്‍ എന്നയാളാണ് വധശിക്ഷയ്ക്ക് വിധേയനായത്. സുപ്രീംകോടതിയുടെ വിധി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖണ്ഡ്സാദ അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
വധശിക്ഷയുടെ വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ രാജ്യാന്തര തലത്തില്‍ നിന്നുള്‍പ്പെടെ അഫ്ഗാന്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുകയാണ്. അഫ്ഗാനിസ്ഥാനിലെ യുഎൻ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് ഈ സംഭവത്തെ അമാനുഷികവും ക്രൂരവും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. സുപ്രീംകോടതിയുടെ കണക്കനുസരിച്ച് 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിത്. അഞ്ചുതവണയാണ് ഇയാള്‍ക്കുനേരെ വെടിവച്ചത്. വെടിയൊച്ച ഉയര്‍ന്നതിനു പിന്നാലെ ചുറ്റും കൂടിയവര്‍ മതപരമായ മുദ്രാവാക്യങ്ങളും മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഖിസാസിന്റെ വിധി നടപ്പാക്കിയെന്നാണ് വിഷയത്തില്‍ സുപ്രീംകോടതി പ്രതികരിച്ചത്. പ്രതികാരം എന്നര്‍ത്ഥം വരുന്ന ദൈവിക നിയമം എന്നാണ് ഖിസാസിലൂടെ ഉദ്ദേശിക്കുന്നത്. വധശിക്ഷയ്ക്ക് സാക്ഷികളാകാനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ളവര്‍ സ്റ്റേഡിയത്തിലെത്തി. പത്ത് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഖോസ്ത് സ്വദേശിയായ അബ്ദുല്‍ റഹ്മാനും കുടുംബവുമാണ് കൊല്ലപ്പെട്ടത്.