എഐ ചിത്രം (പ്രതീകാത്മകം)
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച 25-കാരന് 14 വർഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് സിങ്കപ്പൂരിലെ കോടതി. നാല് പേരെ താൻ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു. സയ്യിദ് മുഹമ്മദ് യുസ്‌രി സയ്യിദ് യാസ്സറിനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
എപ്പോഴും തന്റെ പ്രായം കുറച്ച് പറഞ്ഞാണ് യുസ്‌രി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഇരകളെ
യിഷുൻ പാർക്കിലെ ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറിയിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ഹൈക്കോടതിയെ അറിയിച്ചു. 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 2021-ൽ ഇയാൾ അറസ്റ്റിലായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് മൂന്ന് പേർ കൂടി ഇരകളായുണ്ടെന്ന് ബോധ്യമായത്.
2020-ൽ 11 വയസ്സുള്ള കുട്ടിയെ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് അവളുടെ മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കി. അന്ന് 20 വയസ്സായിരുന്ന യുസ്‌രി തനിക്ക് 16-നും 17-നും ഇടയിൽ പ്രായമുണ്ടെന്നാണ് സ്‌കൂളിൽ പഠിക്കുകയായിരുന്ന അവളെ ധരിപ്പിച്ചിരുന്നത്. 11കാരിയെ കണ്ടുമുട്ടിയ അന്ന് തന്നെ അനുവാദമില്ലാതെ അവളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി തന്നോട് ഇനി അങ്ങനെ പെരുമാറരുതെന്ന് മെസ്സേജ് അയച്ചെങ്കിലും, അവൻ അത് അവഗണിച്ചു.
ഒരാഴ്ചയ്ക്ക് ശേഷം, ഇയാൾ 11 വയസ്സുകാരിയെ യിഷുൻ പാർക്കിലെ ശൗചാലയത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. എന്നാൽ അന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായ 11കാരി, അവൻ ഇനി തന്നെ ഉപദ്രവിക്കില്ലെന്ന് വിശ്വസിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം വീണ്ടും അവനെ കണ്ടു. അവളെ വീണ്ടും അതേ ശൗചാലയത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതി. രണ്ടാമത്തെ സംഭവത്തിന്ശേഷാണ് അവൾ പ്രതിയുമായുള്ള ബന്ധം പൂർണമായി അവസാനിപ്പിച്ചത്.
2021 ജൂണിൽ, ഓംലെഗ് (Omegle) എന്ന ചാറ്റ് വെബ്‌സൈറ്റിലൂടെ യുസ്‌രി 14 വയസ്സുള്ള ഒരു കുട്ടിയുമായി അടുപ്പത്തിലായി. അന്ന് 21 വയസ്സായിരുന്ന ഇയാൾ തനിക്ക് 17 വയസ്സാണെന്നാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. മൂന്ന് തവണ 14കാരിയുമായി താൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് യുസ്‌രി കോടതിയിൽ സമ്മതിച്ചിരുന്നു.
2021 ജൂലൈയിൽ ഓംലെഗ്ഗിൽ വെച്ച് യുസ്‌രി 12 വയസ്സുള്ള മറ്റൊരു കുട്ടിയെ പരിചയപ്പെട്ടു. തനിക്ക് 14 വയസ്സുണ്ടെന്ന് കള്ളം പറഞ്ഞ് പ്രതി അവളുമായി പ്രണയ ബന്ധത്തിലായി. പോൺ സിനിമകൾ കാണാറുണ്ടോ, ഓറൽ സെക്‌സ് ചെയ്യാൻ ആഗ്രഹമുണ്ടോ എന്നിങ്ങനെ ലൈംഗിക ചുവയുള്ള മെസേജുകളാണ് 12കാരിക്ക് പ്രതി വാട്ട്സപ്പിലയച്ചിരുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ യിഷുൻ പാർക്കിലെ ശൗചാലയത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
12 വയസ്സുകാരി, യുസ്‌രിക്കൊപ്പം ശൗചാലയത്തിൽ പ്രവേശിക്കുന്നത് കണ്ട അവളുടെ കൂട്ടുകാരിയാണ് ഒരു അധ്യാപികയെ വിവരം അറിയിച്ചത്. അങ്ങനെയാണ് ഈ വിവരം പുറത്തറിയുന്നതും, പ്രതിയെ പൊലീസ് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുന്നതും.