AI Generated Image
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് ലാന്‍ഡിങ് ഗിയര്‍ അറയില്‍ മൃതദേഹം കണ്ടെത്തിയത്. വിമാനത്തില്‍ ഒളിച്ചു യാത്ര ചെയ്ത വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ വച്ചാണ് മൃതദേഹം കണ്ടത്.
ഷാർലറ്റ്-മെക്ലെൻബർഗ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിമാനം യൂറോപ്പിൽ നിന്ന് ഷാർലറ്റിൽ എത്തിയതാണെന്നും അറ്റകുറ്റപ്പണികള്‍ നടത്തുമ്പോളാണ് മൃതദേഹം കണ്ടെത്തിയതെന്നും വ്യക്തമാക്കുന്നു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. അതിദാരുണമായ മരണമാണിതെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കാമെന്നും ഷാർലറ്റ് ഡഗ്ലസ് ഇന്റർനാഷണൽ എയർപോർട്ട് ഉറപ്പുനല്‍കി.
അതീവ അപകടകരമാണെങ്കിലും അനധികൃതമായി യാത്ര ചെയ്യാന്‍ അടുത്ത കാലത്തായി ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചു കടക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നുണ്ട്. ഇത്തരത്തില്‍ വിമാനങ്ങളിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച 77 ശതമാനത്തിലധികം പേരും മരിച്ചതായി 2019-ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരാഴ്ച്ച മുന്‍പാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 13 വയസ്സുകാരനായ ബാലന്‍ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ നിന്ന് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനത്തിന്റെ വീൽ വെല്ലിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചിക്കാഗോയിൽ നിന്ന് മൗയിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ വീൽ വെല്ലില്‍ ഒരു മൃതദേഹം കണ്ടെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം.