യുഎന്നിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവേയാണ് തനിക്ക് കിട്ടിയത് മോശം ടെലിപ്രോംപ്റ്ററും ഒരു മോശം എസ്കലേറ്ററും മാത്രമെന്ന് ട്രംപ് പരാതി നല്‍കിയത്. ന്യൂയോർക്കിലെ യുഎന്‍ ആസ്ഥാനത്ത് വെച്ച് തന്റെ ടെലിപ്രോംപ്റ്റർ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്.
‘ഒരു ടെലിപ്രോംപ്റ്റർ ഇല്ലാതെ ഈ പ്രസംഗം നടത്തുന്നതില്‍ എനിക്ക് വിരോധമില്ല, കാരണം ടെലിപ്രോംപ്റ്റർ പ്രവർത്തിക്കുന്നില്ല, എങ്കിലും യുഎന്‍ പൊതുസഭാ ഹാളിൽ നില്‍ക്കുന്നതില്‍ താൻ സന്തോഷവാനാണെന്നും ട്രംപ് പറയുന്നു. അധികാരത്തിലെത്തിയ ശേഷം ട്രംപിന്റെ ആദ്യ യുഎന്‍ സന്ദര്‍ശനമായിരുന്നു ഇത്. കുറച്ചുസമയത്തിനു ശേഷം ട്രംപ് പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി വായിച്ചു.
ഈ സംഭവത്തിനു ശേഷം ട്രംപിനെ പുകഴ്ത്തി വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് രംഗത്തെത്തി. ബുദ്ധിയുള്ള ഒരു പ്രസിഡന്റ് ഉള്ളത് സന്തോഷം നല്‍കുന്ന കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമാശയൊക്കെ മാറ്റിനിർത്തിയാല്‍ ടെലിപ്രോംപ്റ്റർ ഇല്ലാതിരുന്നിട്ടും, യു.എസ്. വിദേശ നയത്തെക്കുറിച്ച് വ്യക്തവും യുക്തിസഹവുമായ പ്രസംഗം അദ്ദേഹം നടത്തിയത് എല്ലാവരും ശ്രദ്ധിച്ചില്ലേയെന്നും വാൻസ് എക്സിൽ കുറിച്ചു.
അതേസമയം സമാധാന ശ്രമങ്ങളെ സഹായിക്കുന്നതിൽ യുഎന്‍ പരാജയപ്പെട്ടുവെന്നും ഏഴ് മാസത്തിനുള്ളില്‍ ഏഴ് യുദ്ധങ്ങള്‍ തന്റെ ഇടപെടലിലൂടെയാണ് അവസാനിപ്പിക്കാന്‍ സാധിച്ചതെന്നും ട്രംപ് പറഞ്ഞു.