തന്‍റെ ഭരണകൂടം അധികാരക്കൊതിയുടെ ഭാഗമല്ലെന്നും ആറു മാസത്തിനുമുകളില്‍ അധികാരത്തില്‍ തുടരില്ലെന്നും നേപ്പാളില്‍ അധികാരമേറ്റ ആദ്യ വനിതാ പ്രധാനമന്ത്രി സുശീല കര്‍ക്കി. വെള്ളിയാഴ്ച രാത്രിയാണ് 73-കാരിയായ സുശീല കർക്കി രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മാ ഒലി രാജിവെച്ചതിനെ തുടര്‍ന്ന് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി പദവിയേറ്റെടുത്തത്.
തന്‍റെ ഭരണകൂടം അധികാരക്കൊതിയുടെ ഭാഗമല്ലെന്നും, രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും നീതി നടപ്പാക്കാനും വേണ്ടിയാണ് താൻ ഈ പദവി ഏറ്റെടുത്തതെന്നും സുശീല കാർക്കി വ്യക്തമാക്കി. അടുത്ത ആറുമാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പിന് രാജ്യം സജ്ജമാക്കുമെന്നും, അതിനുശേഷം താനോ തന്റെ മന്ത്രിസഭയോ അധികാരത്തിൽ തുടരില്ലെന്നും അവർ പറഞ്ഞു.
സാമ്പത്തിക സമത്വവും അഴിമതി നിർമാർജനവുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും, സെപ്റ്റംബർ എട്ടിനുണ്ടായ പ്രതിഷേധത്തിൽ മരിച്ചവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്നും ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും സുശീല കർക്കി കൂട്ടിച്ചേർത്തു.