നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജലക്ഷ്മി ചിത്രകാർ വെന്തുമരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെന്‍ സി പ്രക്ഷോഭകര്‍ ഖനാലിന്റെ വീട് അഗ്നിക്കിരയാക്കിയതോടെയാണ് വീടിനകത്തുണ്ടായിരുന്ന രാജലക്ഷ്മി തീവെന്തുമരിച്ചത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലുള്ള വീടാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. 

രാജലക്ഷ്മിയെ ഉടന്‍ തന്നെ കീർത്തിപൂർ ബേൺ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചെന്ന് കുടുംബ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം തന്നെ പ്രക്ഷോഭം കടുത്തതോടെ ആഭ്യന്തരമന്ത്രിക്കു പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയും രാജിവച്ചു. ഒലി മന്ത്രിസഭയിലെ ധനമന്ത്രി 65കാരനായ ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മന്ത്രിയെ പ്രക്ഷോഭകര്‍ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

26 സോഷ്യൽ മീഡിയ സൈറ്റുകൾ തടഞ്ഞതിൽ പ്രകോപിതരായ യുവാക്കൾ നയിച്ച പ്രകടനങ്ങളാണ് രാജ്യത്തെ അശാന്തിയിലേക്കും യുദ്ധസമാനമായ സംഘര്‍ഷത്തിലേക്കും ചെന്നെത്തിച്ചത്. പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം 19 പേർ കൊല്ലപ്പെട്ടിരുന്നു. 

തിങ്കളാഴ്ച രാത്രിയോടെ നിരോധനം നീക്കിയെങ്കിലും പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രക്ഷോഭകർ ഉന്നത നേതാക്കളുടെ വീടുകൾക്കും പാർലമെന്റ് കെട്ടിടത്തിനും തീയിട്ടു. കാഠ്മണ്ഡു തലസ്ഥാനത്തെ വിമാനത്താവളം അടച്ചുപൂട്ടുകയും സൈനിക ഹെലികോപ്റ്ററുകളില്‍ ചില മന്ത്രിമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിലുള്ള രോഷവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ തെരുവില്‍ നിറയുന്നത്. 

നേപ്പാളിലെ അശാന്തിയെ തുടർന്ന്, സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ അയൽ രാജ്യത്തേക്കുള്ള യാത്ര മാറ്റിവെക്കാൻ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, നേപ്പാൾ എയർലൈൻസ് എന്നിവ ഡൽഹി–കാഠ്മണ്ഡു വിമാനസര്‍വീസുകള്‍ റദ്ദാക്കി.

ENGLISH SUMMARY:

Nepal protests escalate leading to violence. The protests have resulted in the death of a former Prime Minister's wife and attacks on government officials, prompting travel advisories and flight cancellations.